ന്യൂഡല്‍ഹി: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം (National film award) പ്രഖ്യാപിച്ചപ്പോൾ മലയാളത്തിനും അഭിമാനിക്കാൻ ഒരുപിടി നേട്ടങ്ങൾ. ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിൽ മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങളും ആർട്ടിസ്റ്റുകളും നേട്ടം കൊയ്‌തു. മലയാളികളുടെ പ്രിയ താരം ഇന്ദ്രന്‍സിന് (Indrans) പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. 'ഹോം' (Home) എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. 'ഹോം' ആണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.
റോജിൻ തോമസ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് 'ഹോം'. ഒടിടി റിലാസായി എത്തിയ ഈ കുടുംബ ചിത്രത്തില്‍ ഇന്ദ്രൻസിനൊപ്പം ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്‌ലൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരന്നത്. വിജയ് ബാബു ആണ് ചിത്രത്തിന്‍റെ നിർമാണം.
ഉണ്ണി മുകുന്ദൻ ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങിയ 'മേപ്പടിയാന്‍' (Meppadiyan) എന്ന ചിത്രത്തിലൂടെ വിഷ്‌ണു മോഹനെ (Vishnu Mohan) മികച്ച പുതുമുഖ സംവിധായകനായി തെരഞ്ഞെടുത്തു. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം മലയാളത്തില്‍ നിന്നുള്ള 'ആവാസവ്യൂഹം' (Aavasavyuham) നേടി. കൃഷാന്ത് ആര്‍കെ സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ രാഹുല്‍ രാജഗോപാലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
സഹനടന്മാര്‍ക്കുള്ള മത്സരത്തില്‍ ഇന്ദ്രന്‍സും ജോജുവും അവസാനം വരെ ഉണ്ടായിരുന്നു. മിന്നല്‍ മുരളി, ചവിട്ട്, നായാട്ട്, അവാസവ്യൂഹം എന്നിങ്ങനെ മികച്ച സിനിമകളാണ് മലയാളത്തില്‍ നിന്നും മാറ്റുരയ്ക്കാൻ എത്തിയത്. ഇവയെല്ലാം വിവിധ വിഭാഗങ്ങളിലായി മികച്ച പ്രതികരണവും നേടിയിരുന്നു.