ദേശീയ പുരസ്‌കാര ജേതാവ് നഞ്ചിയമ്മയ്‌ക്ക് ഒടുവില്‍ അടച്ചുറപ്പുള്ള വീടായി. ഫിലോകാലിയ ഫൗണ്ടേഷനാണ് നഞ്ചിയമ്മയ്‌ക്ക് സ്വപ്‌ന ഭവനം പണിത് നല്‍കിയത്. കഴിഞ്ഞ ദിവസം നഞ്ചിയമ്മ പുതിയ വീട്ടിലേയ്‌ക്ക് താമസം മാറി.
പഴയ വീടിന്‍റെ തൊട്ടടുത്താണ് പുതിയ വീട് പണിതിരിക്കുന്നത്. അട്ടപ്പാടിയിലെ നക്കുപതി ഊരില്‍ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് നഞ്ചിയമ്മ താമസിച്ചിരുന്നത്. തനിക്ക് ലഭിച്ച അവാര്‍ഡുകള്‍ സൂക്ഷിക്കാന്‍ പോലും വീട്ടില്‍ ഇടമില്ലെന്ന് നഞ്ചിയമ്മ സങ്കടം പറഞ്ഞിരുന്നു.
വീട്ടില്‍ അവാര്‍ഡുകള്‍ കൂട്ടിയിട്ടിരിക്കുന്ന നഞ്ചിയമ്മയുടെ അവസ്ഥ കണ്ട് ഫിലോകാലിയ ഫൗണ്ടേഷന്‍ വീട് പണിയാന്‍ തയ്യാറായി വരികയായിരുന്നു. മൂന്ന് മാസം മുമ്പ് തറക്കല്ലിട്ട വീടിന്‍റെ പണി അതിവേഗം പൂര്‍ത്തിയായി.
അന്തരിച്ച, സംവിധായകന്‍ സച്ചിയുടെ 'അയ്യപ്പനും കോശി'യും എന്ന സിനിമയിലൂടെയാണ് നഞ്ചിയമ്മയെ പുറം ലോകം അറിയുന്നത്. സിനിമയിലെ 'കളക്കാത്ത സന്ദന' എന്ന ഗാനം പാടിയാണ് നഞ്ചിയമ്മ മലയാളി ഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചത്. ഈ ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്‌ക്ക് മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചത്.
Also Read:ക്യാംപസ് ടൈം ട്രാവലില്‍ നഞ്ചിയമ്മയും ; 'ത്രിമൂര്‍ത്തി' ഒരുങ്ങുന്നു
നഞ്ചിയമ്മയ്‌ക്ക് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. നിരവധി പേര്‍ അനുകൂലിച്ചും രംഗത്തെത്തി. എന്നാല്‍ വിമര്‍ശനം കാര്യമാക്കുന്നില്ലെന്നായിരുന്നു നഞ്ചിയമ്മയുടെ പ്രതികരണം. 'വിമര്‍ശനം മക്കള്‍ പറയുന്നത് പോലെയേ കണക്കാക്കുന്നുള്ളൂ, ആരോടും വിരോധമില്ല' എന്നായിരുന്നു പ്രതികരണം.