ഇന്ത്യൻ ജനതയെ ആത്‌മാഭിമാനത്തിൻ്റെ നെറുകയില്‍ എത്തിച്ച സിനിമയാണ് ഹിറ്റ് മേക്കർ രാജമൗലി സംവിധാനം ചെയ്‌ത ‘ആർആർആർ’. ചിത്രത്തിലെ ജനപ്രിയ ഗാനമായ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ ഓസ്‌കർ നേടി ചരിത്രം സൃഷ്‌ടിച്ച് ദിവസങ്ങൾ പിന്നിടുന്നേയുള്ളൂ. രാജ്യമെമ്പാടും 'നാട്ടു നാട്ടു' വിന് ലഭിച്ച നേട്ടം ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്.
നാട്ടു നാട്ടുവിന് ശരിക്കും ഓസ്‌കാർ അർഹതയുണ്ടോ?: 95-ാമത് അക്കാദമി അവാർഡ് കമ്മിറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്‌തു കൊണ്ട് ഇന്ത്യൻ സിനിമ മേഖലയിലെ ചിലർ രംഗത്ത് വന്നു കൊണ്ടിരിക്കുകയാണ്. ദേശീയ അവാർഡ് ജേതാവായ അനന്യ ചാറ്റർജി തൻ്റെ പോസ്റ്റിലൂടെ നാട്ടു നാട്ടുവിന് ശരിക്കും ഓസ്‌കാർ അർഹതയുണ്ടോ എന്നാണ് ചോദ്യമുന്നയിക്കുന്നത്. തൻ്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് നടിയും ദേശീയ അവാർഡ് ജേതാവുമായ അനന്യ ചോദ്യമുന്നയിക്കുന്നത്.
‘എനിക്ക് മനസ്സിലാകുന്നില്ല, 'നാട്ടു നാട്ടു'വിനെക്കുറിച്ച് എനിക്ക് അഭിമാനം തോന്നേണ്ടതുണ്ടോ? നമ്മൾ എവിടേക്കാണ് പോകുന്നത്? എന്തുകൊണ്ടാണ് എല്ലാവരും നിശബ്‌ദരായിരിക്കുന്നത്? ഇതാണോ നമ്മുടെ ശേഖരത്തിലെ ഏറ്റവും മികച്ചത്???????രോഷം ഉയർത്തുന്നു!’ എന്നാണ് അനന്യ തൻ്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്.
വിമർശനങ്ങളുമായി ഒരുപാടു പേർ:പോസ്റ്റ് ചെയ്‌ത് കുറച്ചു സമയങ്ങൾക്കു ശേഷം തന്നെ അനന്യയുടെ പോസ്റ്റിനു കീഴെ വിമർശനങ്ങളുമായി ഒരുപാടു പേർ കമൻ്റുകളുമായി എത്തിയിരുന്നു. ഒരു പാടുപേർ അനന്യയുടെ പേരിൽ ട്രോളുകളും പടച്ചു വിട്ടിരുന്നു. ‘ നിങ്ങളുടെ അസൂയയും പ്രശസ്‌തി നേടാനുള്ള മാർഗവും ഞാൻ മനസിലാക്കുന്നു’. എന്നായിരുന്നു ഒരാൾ വിമർശിച്ചു കൊണ്ട് കമൻ്റ് ചെയ്‌തത്. ഈ കമൻ്റിന് മുമ്പ് എനിക്ക് നിങ്ങളെ അറിയില്ലായിരുന്നു.. ഇപ്പോഴും എനിക്ക് നിങ്ങളെ അറിയില്ല അറിയാൻ താൽപര്യവുമില്ല. നിങ്ങൾ എന്തുചെയ്യുന്നു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്.’ എന്നായിരുന്നു മറ്റൊരാൾ കമൻ്റ് ചെയ്‌തത്.