തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് നസ്‌ലന്‍. ചിത്രത്തിലെ മെല്‍വിന്‍ എന്ന കഥാപാത്രം നടന് നിരവധി ആരാധകരെ നേടിക്കൊടുത്തു. തുടര്‍ന്നിറങ്ങിയ മറ്റു ചിത്രങ്ങളിലും ശ്രദ്ധേയ പ്രകടനമാണ് നസ്‌ലന്‍ കാഴ്‌ചവച്ചത്.
പുതിയ താരങ്ങളില്‍ സിനിമാപ്രേമികള്‍ വളരെ ആകാംക്ഷകളോടെ ഉറ്റുനോക്കാറുളള നടന്‍ കൂടിയാണ് നസ്‌ലന്‍. സോഷ്യല്‍ മീഡിയയില്‍ ഇടയ്‌ക്കിടെയാണ് നസ്‌ലന്‍ എത്താറുളളത്. സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം താരം പങ്കുവയ്‌ക്കാറുണ്ട്.
വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ടുളള ഒരു വീഡിയോ ആണ് നസ്‌ലന്‍റെതായി ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. നസ്‌ലന്‍റെ പേരിലുളള വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടില്‍ നിന്നും പ്രധാനമന്ത്രിക്കെതിരെ വന്ന കമന്‍റില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് നടന്‍. ഇന്‍സ്റ്റഗ്രാം പേജിലാണ് ഇതിന്‍റെ സത്യാവസ്ഥ എന്താണെന്ന് തുറന്നുപറഞ്ഞുളള വീഡിയോ നസ്‌ലന്‍ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
പ്രധാനമന്ത്രിയ്‌ക്കെതിരെയുളള ഒരു കമന്‍റ് നസ്‌ലന്‍ ഫേസ്‌ബുക്ക് അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്‌തു എന്ന വാര്‍ത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും യൂടൂബ് ചാനലിലുമായി വന്നിരുന്നു. എന്നാല്‍ കമന്‍റ് വന്നത് തന്‍റെ അക്കൗണ്ടില്‍ നിന്നല്ല എന്ന് നടന്‍ പറയുന്നു. പലര്‍ക്കും അതൊരു വ്യാജ അക്കൗണ്ടാണെന്ന് മനസിലായില്ല. തന്‍റെ പേരില്‍ ആരോ ഒരാള്‍ ക്രിയേറ്റ് ചെയ്‌ത ഫേക്ക് ഐഡിയാണത്. സുഹൃത്തുക്കള്‍ എനിക്ക് ഷെയര്‍ ചെയ്‌തപ്പോഴാണ് സംഭവം ഞാനറിയുന്നത്. എന്‍റെ പേരില്‍ ആരോ ഒരാള്‍ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പ്രധാനമന്ത്രിക്കെതിരെ ഒരു പോസ്റ്റില്‍ പോയി കമന്‍റിട്ടു.
പിന്നാലെ ഒരുപാട് പേര് ഞാനാണ് ഇത് ചെയ്‌തതെന്ന് വിശ്വസിച്ചു. എന്നാല്‍ തന്‍റെ അക്കൗണ്ട് അല്ലത്. എനിക്ക് ഫേസ്‌ബുക്കില്‍ ഉളള പേജ് മറ്റൊരാളാണ് നോക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ അത്ര ആക്‌ടീവല്ല ഞാന്‍. വല്ലപ്പോഴുമാണ് വരാറുളളത്. ഈയൊരു സംഭവം തനിക്ക് വലിയ ദു:ഖമാണുണ്ടാക്കിയത്.
ചിലര്‍ ഞാനാണ് ചെയ്‌തതെന്ന് വിശ്വസിച്ച് എനിക്കെതിരെ അസഭ്യം പറഞ്ഞ് അക്കൗണ്ടില്‍ എത്തി. ഇനി മുതല്‍ എന്‍റെ ചിത്രങ്ങള്‍ കാണില്ലെന്ന് പലരും പറഞ്ഞതില്‍ വിഷമമുണ്ട്. സ്വയം ചെയ്യാത്ത ഒരു കാര്യത്തിന് പഴികേള്‍ക്കേണ്ടി വന്നതില്‍ ദുഖമുണ്ട്. ഇതാര് ചെയ്‌തതായാലും തന്‍റെ ഭാഗത്ത് നിന്നും കൂടി ഒന്ന് ചിന്തിച്ചുനോക്കണമെന്നും നസ്‌ലന്‍ വീഡിയോയില്‍ പറഞ്ഞു.
സംഭവത്തിന് പിന്നാലെ കാക്കനാട് സൈബര്‍ സെല്ലില്‍ നടന്‍ പരാതി നല്‍കിയിട്ടുണ്ട്. വീഡിയോയ്‌ക്കൊപ്പം പരാതിയുടെ രസീതും നസ്‌ലന്‍ ഷെയര്‍ ചെയ്‌തു.