സച്ചിയുടെ 'അയ്യപ്പനും കോശി'യും എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നഞ്ചിയമ്മ. 'അയ്യപ്പനും കോശിക്കും' ശേഷം മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍ അവര്‍. പുതിയ സിനിമയ്‌ക്കായും നഞ്ചിയമ്മ ഗാനം ആലപിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നവാഗതനായ ശരത്ത്‌ലാല്‍ നെമിഭുവന്‍ സംവിധാനം ചെയ്യുന്ന 'ത്രിമൂര്‍ത്തി' എന്ന ചിത്രത്തിലാണ് നഞ്ചിയമ്മ വേഷമിടാന്‍ ഒരുങ്ങുന്നത്. സിനിമയില്‍ പ്രധാന വേഷത്തിലാണ് നഞ്ചിയമ്മ എത്തുന്നത്. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്.
ഒരു ക്യാംപസ് ടൈം ട്രാവലറാണ് ചിത്രം. നര്‍മത്തിന് പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുക്കുന്നത്. പുതുമുഖങ്ങളെ അണിനിരത്തിയുള്ള ചിത്രം കൂടിയാണിത്. പാട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയില്‍ ആകെ 21 ഗാനങ്ങളാണ് ഉള്ളത്.
50ലേറെ നവാഗത ഗായകരും ചിത്രത്തിനായി ഗാനം ആലപിക്കുന്നുണ്ട്. സംവിധായകന്‍ ശരത്ത്‌ലാല്‍ നെമിഭുവന്‍ തന്നെയാണ് 'ത്രിമൂര്‍ത്തി'യുടെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.
കെബിഎം സിനിമാസിന്‍റെ ബാനറിലാണ് 'ത്രിമൂര്‍ത്തി'യുടെ നിര്‍മാണം. വന്ദന ശ്രീലേഷിന്‍റേതാണ് കഥ. നവാഗതരായ അമേഷ് രമേശും മഹേഷ് മോഹനും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അപ്പു ജോഷി ഛായാഗ്രഹണവും ആന്‍റോ ജോസ് എഡിറ്റിംഗും നിര്‍വഹിക്കും.