തെന്നിന്ത്യന്‍ താരം നാനിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദസറ'. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'ദസറ'യിലെ 'ധൂം ധാം' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. മുംബൈയിലായിരുന്നു ഗാനത്തിന്‍റെ വീഡിയോ ലോഞ്ച്.
കസര്‍ല ശ്യാമിന്‍റെ വരികള്‍ക്ക് സന്തോഷ് നാരായണന്‍റെ സംഗീതത്തില്‍ രാഹുല്‍ സിപ്ലിഗഞ്ച്, ഗോട്ടെ കനകവ്വ എന്നിവര്‍ ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. 'ധൂം ധാം' ഗാനത്തെ ഏറ്റവും മികച്ച പ്രാദേശിക തെരുവ് ഗാനമായി വിശേഷിപ്പിക്കാം. ഒരു ഹൈ എനര്‍ജി ഡാന്‍സ് ട്രാക്കാണ് ഈ ഗാനത്തിനുള്ളത്.
'ധൂം ധാ'മിന്‍റെ ഏതാനും ഭാഗങ്ങള്‍ സിനിമയുടെ ടീസറില്‍ കണ്ടത് മുതല്‍ ഗാനത്തിനായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഫുള്‍ എനര്‍ജിയോടു കൂടിയുള്ള വേഗതയേറിയ നൃത്തച്ചുവടുകള്‍ അടങ്ങിയ ഒരു സമ്പൂർണ മസാല ട്രാക്കാണിത്.
നേരത്തെ 'ദസറ'യുടെ ട്രെയിലർ ലോഞ്ച് ചടങ്ങില്‍, നാനിയുടെ ട്രക്ക് എന്‍ട്രി ഏവരെയും അമ്പരിപ്പിച്ചിരുന്നു. ഇത്തവണയും നാനി ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ്. സിനിമയെ പിന്തുണച്ച് ലോഞ്ചിന്‍റെ ഭാഗമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം റാഗ ദഗ്ഗുപതിയും എത്തിയിരുന്നു. നാനിയും റാണ ദഗ്ഗുപതിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
അതേസമയം ഗാനത്തിന്‍റ ചിത്രീകരണ അനുഭവം പങ്കുവച്ച് കീര്‍ത്തി സുരേഷും രംഗത്തെത്തിയിട്ടുണ്ട്. 'ഈ ട്രാക്ക് ചിത്രീകരണം അവിശ്വസനീയമായ അനുഭവമായിരുന്നു. 'ധൂം ധാമി'ൽ സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും ശക്തമായ ഘടകമുണ്ട്.' -കീര്‍ത്തി സുരേഷ് പറഞ്ഞു.