നാച്ചുറൽ സ്റ്റാർ നാനിയെ നായകനാക്കി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന 'സരിപോദാ ശനിവാരം' എന്ന ചിത്രത്തിന്‍റെ പൂജ കഴിഞ്ഞു. ദസറ ദിനത്തിൽ ഒരുക്കിയ പൂജ ചടങ്ങിൽ നിർമ്മാതാവ് ഡിവിവി ധനയ്യ ചിത്രത്തിന്‍റെ തിരക്കഥ സംവിധായകന് കൈമാറി (Nani's Saripodhaa Sanivaaram movie started). ദിൽ രാജുവാണ് ആദ്യ ഷോട്ടിനായി ക്യാമറ സ്വിച്ച് ഓൺ ചെയ്‌തത്. വി വി വിനായക് ക്ലാപ്പ് ബോർഡ് അടിച്ചു. ആദ്യ ഷോട്ടിന്‍റെ ഓണററി സംവിധാനം എസ് ജെ സൂര്യ നിർവ്വഹിച്ചു.
'അണ്ടെ സുന്ദരാനികി' പോലൊരു കൾട്ട് എന്‍റര്‍ടെയ്‌നർ പ്രേക്ഷകർക്ക് സമ്മാനിച്ച വിവേക് ആത്രേയയുടെ (Vivek Athreya) 'സരിപോദാ ശനിവാരം' ഒരു ആക്ഷൻ-പാക്ക്ഡ് സിനിമയാണ്. ചിത്രത്തിന്‍റെതായി നേരത്തെ പുറത്തുവിട്ട അനൗൺസ്മെന്‍റ് വീഡിയോയും അൺചെയ്ൻഡ് വീഡിയോയും വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ഓസ്‌കാർ ചിത്രം 'ആർആർആർ' ന്‍റെ മികച്ച വിജയത്തിന് ശേഷം ഡിവിവി എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
വ്യത്യസ്‌തമായ വിഷയങ്ങൾ പരീക്ഷിക്കുകയും കഥാപാത്രങ്ങളുടെ ആവശ്യാനുസരണം മേക്ക് ഓവറിന് വിധേയനാവുകയും ചെയ്യുന്ന നാനി പരുക്കൻ ലുക്കിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രിയങ്ക അരുൾ മോഹൻ (Priyanka Mohan) നായികയാകുന്ന ചിത്രത്തില്‍ തമിഴ് നടൻ എസ് ജെ സൂര്യ മറ്റൊരു സുപ്രധാന കഥാപാത്രത്തെ കൈകാര്യം ചെയുന്നു.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ഒരു പാൻ ഇന്ത്യ ചിത്രമാണ് 'സരിപോദാ ശനിവാരം'. പ്രമുഖ സാങ്കേതിക വിദഗ്‌ധർ ഈ ചിത്രത്തിനായി പ്രവർത്തിക്കുന്നുണ്ട്. ഛായാഗ്രഹണം: മുരളി ജി, ചിത്രസംയോജനം: കാർത്തിക ശ്രീനിവാസ്, സംഗീതം: ജേക്‌സ് ബിജോയ്, പിആർഒ: ശബരി.