സംഘർഷഭരിതമായ മാസ് ആക്ഷനുകൾ കോർത്തിണക്കിയ ത്രില്ലർ ചിത്രം 'നല്ല നിലാവുള്ള രാത്രി' (Nalla Nilavulla Raathri) പ്രേക്ഷകർക്കരികിലേക്ക്. ചിത്രം നാളെ (ജൂൺ 30 വെള്ളിയാഴ്‌ച) തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ആറ് സഹപാഠികളുടെ സംഭവബഹുലമായ പുനഃസംഗമത്തിന്‍റെ കഥ പറയുന്ന 'നല്ല നിലാവുള്ള രാത്രി' നവാഗതനായ മർഫി ദേവസ്സി (Murphy Devassy) ആണ് സംവിധാനം ചെയ്യുന്നത്. 'അടി, ഇടി, ആഘോഷം' തുടങ്ങുകയായി എന്ന് കുറിച്ചുകൊണ്ടാണ് അണിയറക്കാർ റിലീസ് വിവരം പങ്കുവച്ചത്.
സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ (Sandra Thomas Productions) ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ബിനു പപ്പു, ഗണപതി, ജിനു ജോസഫ്, നിതിൻ ജോർജ്, സജിൻ ചെറുകയിൽ, റോണി രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രം കൂടിയാണ് 'നല്ല നിലാവുള്ള രാത്രി'.
കഴിഞ്ഞ ദിവസം സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. പ്രേക്ഷകരുടെ നെഞ്ചിടിപ്പേറ്റുന്ന, അവരെ തിയറ്ററുകളിലേക്ക് ആകർഷിക്കുന്നതായിരുന്നു ഈ ടീസർ. സംഘർഷഭരിതമായ മാസ് ആക്ഷൻ ത്രില്ലർ ചിത്രം തിയേറ്ററുകളിലും 'മാസ് എൻട്രി' തന്നെ കാഴ്‌ചവെക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. പ്രേക്ഷകരുടെ ഹൃദയമിടിപ്പ് കൂട്ടുന്ന ആക്ഷൻ രംഗങ്ങൾ തന്നെയാകും ചിത്രത്തിന്‍റെ പ്രധാന ആകർഷണം.
ആറ് സഹപാഠികളുടെ സംഭവബഹുലമായ പുനഃസമാഗമത്തിന്‍റെ കഥയാണ് 'നല്ല നിലാവുള്ള രാത്രി' പറയുന്നതെന്ന് അണിയറക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഷിമോഗയില്‍ വച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആറ് സുഹൃത്തുക്കള്‍ ഒത്തുകൂടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.