എറണാകുളം:ടൈപ്പ് കാസ്‌റ്റ് ചെയ്യപ്പെടുന്നെന്ന ആക്ഷേപത്തിൽ പ്രതികരണവുമായി സിനിമ താരം അജു വർഗീസ് (Aju Varghese Responds To Allegations). ആരുമില്ലാത്തവർക്ക് ഞാനുണ്ടെന്നും ടൈപ്പ് കാസ്റ്റുകൾ ബോറടിക്കട്ടെ എന്നും പറഞ്ഞാണ് താരം പ്രതികരിച്ചത്. നദികളിൽ സുന്ദരി യമുന (Nadikalil Sundari Yamuna) ചിത്രത്തിന്‍റെ പ്രൊമോഷനിൽ സംസാരിക്കുകയായിരുന്നു അജു വർഗീസ്.
കൊവിഡിന് ശേഷമാണ് തന്‍റെ കരിയർ കോമഡി വേഷങ്ങളിൽ നിന്നും മാറി സീരിയസ് കഥാപാത്രങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരംഭിച്ചത്. കൊവിഡ് എന്നത് എല്ലാ സിനിമാക്കാരെയും ബാധിക്കപ്പെട്ടത് പോലെ എന്നെയും ബാധിച്ചെന്നും അജു വർഗീസ് പറയുന്നു.
സിനിമകൾ ലഭിക്കില്ല എന്ന ഭയം ഉള്ളിൽ ഉദിച്ചു. അതുകൊണ്ടുതന്നെ കിട്ടുന്ന കഥാപാത്രങ്ങൾ കണ്ണും പൂട്ടി ചെയ്യുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. ഒരു സീരിയസ് കഥാപാത്രം ചെയ്‌തതിനുശേഷം പിന്നീട് കോമഡി കഥാപാത്രങ്ങളിലേക്ക് ഇതുവരെ കൃത്യമായി തിരിച്ചു പോകാൻ സാധിച്ചിട്ടില്ല.
ഒരു സിനിമ നിരൂപകൻ തന്‍റെ ഒരു സീരിയസ് കഥാപാത്രം കണ്ട് ആ കഥാപാത്രത്തെ ബലിക്കല്ലിന് അടിച്ചു കൊല്ലണം എന്ന് വരെ അധിക്ഷേപിച്ചിരുന്നെന്നും താരം പറഞ്ഞു. ഹെലൻ എന്ന സിനിമയിലെ പൊലീസ് കഥാപാത്രമാണ് ആദ്യത്തെ ട്രാക്ക് മാറ്റം. അതുവരെ കോമഡി കഥാപാത്രങ്ങളിൽ ടൈപ്പ് കാസ്‌റ്റ് ചെയ്യപ്പെട്ടിരുന്നു എന്ന ആക്ഷേപം ഉണ്ടായിരുന്നു.