ധ്യാന്‍ ശ്രീനിവാസന്‍ (Dhyan Sreenivasan) കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് 'നദികളില്‍ സുന്ദരി യമുന' (Nadhikalil Sundari Yamuna). റിലീസിനോടടുക്കുമ്പോള്‍ ചിത്രം വാര്‍ത്തകളിലും ഇടംപിടിക്കുകയാണ്. വേറിട്ട പ്രൊമോഷന്‍ തന്ത്രങ്ങളുമായി അണിയറപ്രവര്‍ത്തകരും തിരക്കിലാണ്.
കഴിഞ്ഞ ദിവസം തിരുവോണ നാളില്‍ സിനിമയുടെ പുതിയ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പ്രേക്ഷകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു കൊണ്ടാണ് 'നദികളില്‍ സുന്ദരി യമുന' ടീം പോസ്‌റ്റര്‍ പുറത്തുവിട്ടത്. പോസ്‌റ്റര്‍ പുറത്തിറങ്ങിയങ്ങിയതോടെ പ്രേക്ഷകരും ആകാംക്ഷയിലാണ്, ആ സുന്ദരി യമുനയെ തേടി.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ധ്യാൻ ശ്രീനിവാസന്‍, അജു വർഗീസ് തുടങ്ങിയവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്‌റ്ററില്‍ നായികയും ഉണ്ട്. എന്നാല്‍ നായികയുടെ മുഖം പോസ്‌റ്ററില്‍ വെളിപ്പെടുത്തുന്നില്ല. ഒരു വശത്തായി ധ്യാനും കൂട്ടരും, മറുവശത്ത് അജു വര്‍ഗീസും കൂട്ടുരും വടംവലിക്കുമ്പോള്‍ നടുവിലായി നായിക പുറംതിരിഞ്ഞ് നില്‍ക്കുന്നതാണ് പോസ്‌റ്ററില്‍ കാണാനാവുക. പോസ്‌റ്റര്‍ പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ 'നദികളില്‍ സുന്ദരി യമുന'യെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍.
നവാഗതരായ ഉണ്ണി വെള്ളാറ, വിജേഷ് പാണത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സെപ്റ്റംബര്‍ 15ന് 'നദികളില്‍ സുന്ദരി യമുന' തിയേറ്ററുകളില്‍ എത്തും. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ 'വെള്ളം' എന്ന സിനിമയിലെ യഥാര്‍ഥ കഥാപാത്രമായ വാട്ടർമാൻ മുരളിയാണ് ചിത്രം അവതരിപ്പിക്കുന്നത്. സിനിമാറ്റിക്ക ഫിലിംസ് എൽഎൽപിയുടെ ബാനറില്‍ സിമി മുരളി കുന്നുംപുറത്ത്, വിലാസ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
കണ്ണൂരിലെ നാട്ടുമ്പുറങ്ങളെ പശ്ചാത്തലമാക്കിയാണ് 'നദികളില്‍ സുന്ദരി യമുന' ഒരുക്കിയിരിക്കുന്നത്. ഇവിടത്തെ സാധാരണക്കാരായ മനുഷ്യരുടെയും അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ കണ്ണന്‍ എന്ന കഥാപാത്രത്തെയും, അജു വര്‍ഗീസ് വിദ്യാധരന്‍ എന്ന വേഷത്തെയും അവതരിപ്പിക്കും.
കൂടാതെ സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, സോഹന്‍ സീനുലാല്‍, നവാസ് വള്ളിക്കുന്ന്, ഭാനു പയ്യന്നൂര്‍, അനീഷ്, ഉണ്ണിരാജ, ആമി, കിരണ്‍ രമേശ്, പാര്‍വ്വണ, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, ശരത് ലാല്‍, വിസ്‌മയ ശശികുമാർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കും.
മനു മഞ്ജിത്ത്, ഹരിനാരായണന്‍ എന്നിവരുടെ ഗാനരചനയില്‍ അരുണ്‍ മുരളീധരനാണ് സിനിമയുടെ സംഗീതം. ശങ്കര്‍ ശര്‍മ ബിജിഎമ്മും നിര്‍വഹിച്ചിരിക്കുന്നു. സരിഗമയാണ് സിനിമയുടെ ഗാനങ്ങളുടെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം എച്ച്‌ആര്‍ ഒടിടി ആണ് നിനിമയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്‌ണന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - പ്രിജിന്‍ ജെസി, കലാസംവിധാനം - അജയന്‍ മങ്ങാട്, മേക്കപ്പ് - ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍ - സുജിത് മട്ടന്നൂര്‍, പ്രോജക്‌ട് ഡിസൈന്‍ - അനിമാഷ്, വിജേഷ് വിശ്വം, പ്രൊഡക്ഷന്‍ മാനേജര്‍ - മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ് - അനീഷ് നന്ദിപുലം, പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജീവ് ചന്തിരൂര്‍, കളറിസ്‌റ്റ് - ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ - ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്‌സിങ് - വിപിൻ നായർ, ഫിനാന്‍സ് കണ്‍ട്രോളര്‍ - അഞ്ജലി നമ്പ്യാര്‍, ആതിര ദില്‍ജിത്ത്, സ്‌റ്റില്‍സ് - സന്തോഷ് പട്ടാമ്പി, പ്രൊമോഷന്‍ സ്‌റ്റില്‍സ് - രോഹിത് കെ സുരേഷ്, ഡിജിറ്റൽ മാർക്കറ്റിങ് - യെല്ലോടൂത്ത്, പിആര്‍ഒ - വാഴൂര്‍ ജോസ് എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.
Also Read:Dhyan Sreenivasan| 'വിവാഹം കഴിക്കാനുള്ള സ്വപ്‌നങ്ങളുമായി ധ്യാന്‍'; നദികളില്‍ സുന്ദരി യമുനയിലെ പുതിയ ഗാനം പുറത്ത്