എറണാകുളം:'ഒന്നു മുതൽ പൂജ്യം വരെ' എന്ന സിനിമയിൽ തുടങ്ങി മലയാളികളുടെ കാതിൽ തേൻമഴ പൊഴിയിച്ചു കൊണ്ടിരിക്കുന്ന മോഹൻ സിത്താരയുടെ സംഗീത സപര്യ മൂന്നര പതിറ്റാണ്ട് പൂർത്തിയാക്കുന്നു. ഒരു പൂ മാത്രം ചോദിച്ചപ്പോൾ ഒരു പൂക്കാലം മുഴുവനാണ് മലയാളത്തിന് മോഹൻ സിത്താര സമ്മാനിച്ചത്. സംഗീതപ്രേമികളുടെ ഉള്ളിൽ പ്രണയത്തിന്‍റെയും വിഷാദ നൊമ്പരങ്ങളുടെയും നിലാക്കായൽ നിറച്ച ആ മധുരസംഗീത സപര്യ മൂന്നരപ്പതിറ്റാണ്ട് പിന്നിടുന്നു.
വിരലുകളിലും സിരകളിലും സംഗീതത്തിന്‍റെ ശ്രുതി ചേർത്ത് വച്ച് സ്വരകന്യകമാരെ ആവോളം നൃത്തം ചെയ്യിച്ചു മോഹൻ സിത്താര. ശ്രവണ മധുരമായ 400 ഓളം ഗാനങ്ങൾ കൈരളിക്ക് സമ്മാനിച്ച പ്രതിഭ. രാവിലെ തന്നെ കുളിച്ചുവന്ന് തൃശൂരിലെ കുരിയച്ചിറയിലെ വീട്ടിൽ മകൻ വിഷ്‌ണു ഒരുക്കിവച്ച ഹാർമോണിയത്തിന് മുന്നിൽ ഇരുന്നു. ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിന്‍റെ സംഗീതത്തിൽ തുടങ്ങി സിനിമ സംവിധായകനാകാൻ ഒരുങ്ങുന്നതുവരെയുള്ള സ്വരജതികൾ മോഹൻ പറഞ്ഞുതുടങ്ങി (Musical Composer Mohan Sithara Interview).
'രാരി രാരീരം രാരോ' എന്ന ഒറ്റ ഈണം കൊണ്ട് മറ്റെല്ലാവരേയും ബീറ്റ് ചെയ്‌ത സംഗീത സംവിധായകനാണ് അങ്ങ്. 1986ലെ ആ ഈണം പിറന്ന വഴികൾ പറയാമോ?
പാട്ട് പൂ വിരിയുന്നതുപോലെ ഉണ്ടാകുന്നതാണ്. എനിക്ക് മ്യൂസിക്ക് ചെയ്യാൻ അറിയാത്ത കാലമായിരുന്നു അത്. അതിന് മുൻപ് ദക്ഷിണാമൂർത്തി, രാഘവൻമാഷ്, ശ്യാം സാർ എന്നിവരുടെ അസിസ്റ്റന്‍റായി പ്രവർത്തിച്ചിട്ടുണ്ട്, അത്രമാത്രം. കൊച്ചിയിലെ നവോദയ സ്റ്റുഡിയോയിൽ ടികെ രാജീവ്കുമാർ എന്നക്കൊണ്ടിരുത്തി ഒരു ഹാർമോണിയം സംഘടിപ്പിച്ച് തന്നു. ഒരു താരാട്ട് കമ്പോസ് ചെയ്യാൻ പറഞ്ഞു. രഘുനാഥ് പലേരിയുമുണ്ടായിരുന്നു. ആ ഗാനം അങ്ങനെയങ്ങ് സംഭവിച്ചു.
എന്തും വാങ്ങാൻ കിട്ടുന്ന 'സൂപ്പർമാർക്കറ്റാണ്' മോഹൻ സിത്താര എന്ന് സംഗീതലോകത്ത് എല്ലാവരും പറയും. ഫോക്കും പാശ്ചാത്യവും ക്ലാസിക്കലും ഒക്കെ വഴങ്ങും. ഇതെങ്ങനെ സാധ്യമാകുന്നു?
ഫോക്ക് സംഗീതം വളരെ കുറവാണ്. 'കറുപ്പിനഴക്...', 'ആലിലക്കണ്ണാ...', 'സുഖമാണീ നിലാവ്...' ഗാനങ്ങളെല്ലാം പാശ്ചാത്യതാളത്തിൽ ചെയ്‌തതാണ്. പണ്ട് അമച്വർ നാടകങ്ങളും ബാലയും കഥാപ്രസംഗവുമൊക്കെ സ്ഥിരം കാണുമായിരുന്നു. അമ്പലപറമ്പിൽ നിന്ന് കണ്ടും കേട്ടും പഠിച്ചതാണ്. ഓരോ സിറ്റുവേഷനും ചേർന്ന സംഗീതം ചെയ്യാനുള്ള ആത്മവിശ്വാസമുണ്ട്. അത് അന്നും ഇന്നും ഉണ്ട്.
ദക്ഷിണാമൂർത്തി സ്വാമി, രാഘവൻമാഷ് എന്നിവരോടൊപ്പമുള്ള അനുഭവം എങ്ങനെയായിരുന്നു?
ചിന്തിക്കാൻ കഴിയില്ല അവരുടെ പ്രതിഭ, അപാരമാണ്. സ്വരങ്ങൾ പറഞ്ഞുതരുമ്പോൾ അതൊക്കെ എവിടെ നിന്നാണ് വരുന്നത് എന്ന് ഞാൻ ആലോചിക്കും. ഒരെത്തും പിടിയും കിട്ടില്ല.
ഊണ് കഴിച്ചിരുന്നപ്പോൾ അങ്ങ് മൂളിയ ഒരീണം 'ആലിലക്കണ്ണാ...' എന്ന ഗാനമായി യൂസഫലി എഴുതിയെന്ന് കേട്ടിട്ടുണ്ട്. എങ്ങനെയായിരുന്നു അത്?
ഞാനും യൂസഫലി സാറും ഒരു ഹോട്ടലിൽ ഊണ് കഴിച്ചുകൊണ്ടിരുന്നപ്പോൾ 'താന നന്നാ നാ' എന്നൊരു ഈണം ഞാൻ മൂളി. ഉടൻ തന്നെ അദ്ദേഹം എഴുന്നേറ്റ് കൈകഴുകാൻ പോയി. മറ്റൊരിടത്ത് മാറിയിരുന്ന് എന്തോ കുറിച്ച് കൊണ്ടുവന്നു. 'മോനേ, നീ ആ ഈണം ഒന്ന് കൂടിയൊന്ന് മൂളിയേ' എന്നുപറഞ്ഞു. പക്ഷെ എനിക്ക് ഓർമ വന്നില്ല.
പിന്നേയും നിർബന്ധിച്ചപ്പോൾ ഞാൻ മൂളാൻ ശ്രമിച്ചു. അതാണ് വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും എന്ന സിനിമയിലെ 'ആലിലക്കണ്ണാ' എന്ന പാട്ടായി മാറിയത്. യൂസഫലി സാർ പിന്നീട് മൊത്തം വരികളും എഴുതി. മറക്കാതിരിക്കാൻ വേണ്ടി ഞാൻ ഈണം അപ്പോൾ തന്നെ ടേപ്പ് റിക്കോർഡറിൽ പകർത്തി.
ദൈവതുല്യനാണ് യേശുദാസ് എന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അങ്ങയെ തരംഗിണി മ്യൂസിക് സ്‌കൂളിൽ കൊണ്ടുപോയി പഠിപ്പിച്ചത് ദാസേട്ടനായിരുന്നു. എന്നിട്ടും ആദ്യ സിനിമാഗാനം വേണുഗോപാലിനെ കൊണ്ടായിരുന്നു പാടിപ്പിച്ചത്?
നവോദയയുടെ സിനിമയായിരുന്നു 'ഒന്ന് മുതൽ പൂജ്യം വരെ'. എല്ലാം പുതിയ ആളുകൾ വേണം എന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. ഞാനും അതിൽ പുതിയ ആളായിരുന്നല്ലോ.
'എന്ത് സുഖമാണീ രാവ്...' ജ്യോത്സനയെയും വിധുപ്രതാപിനെയും കൊണ്ട് പാടിപ്പിച്ചു. 'രാക്ഷസീ...' അഫ്‌സലിനെയും ഫ്രാങ്കോയേയും കൊണ്ട് പാടിപ്പിച്ചു. എല്ലാം പുതിയ ആളുകൾ. അവരുടെ ഉള്ളിൽ സംഗീതമുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസിലാകുമോ?
വിനയേട്ടന്‍റെ (സംവിധായകൻ വിനയൻ) ഒരു ഫിലിമിൽ അഫ്‌സലായിരുന്നു റിഥം ബോക്‌സ് വായിച്ചിരുന്നത്. ഗാനമേളക്ക് പാടുന്നതും ഞാൻ കേട്ടിട്ടുണ്ട്. തൃശൂർ ചേതന സ്റ്റുഡിയോയിൽ റിക്കോർഡിംഗ് കാണാനെത്തിയ ആളായിരുന്നു ഫ്രാങ്കോ. എഞ്ചിനീയർ ഗണേശാണ് ഫ്രാങ്കോ നന്നായി പാടുമെന്ന് എന്നോടു പറഞ്ഞത്. അങ്ങനെ രണ്ടുവരി പാടാൻ പറഞ്ഞു. നന്നായി പാടിയത് കൊണ്ട് രാക്ഷസി പാടിച്ചു. പുതുമയെ എന്നും ഞാൻ ഇഷ്‌ടപ്പെടുന്നു.
ഇന്ത്യൻ സിനിമ സംഗീതത്തെ ലോകത്തിന്‍റെ നെറുകയിലെത്തിച്ച എആർ റഹ്മാനും ഇളയരാജയ്‌ക്കും വേണ്ടി അങ്ങ് ഓർക്കസ്‌ട്രേഷൻ ചെയ്‌തിട്ടുണ്ട്. എന്നാൽ സ്വന്തമായി ആ നിലയിലേക്ക് ഉയരാൻ കഴിഞ്ഞില്ലെന്ന് തോന്നിയിരുന്നോ?
അവരുടെയൊക്കെ ആശ്ലേഷം നേടാനുള്ള ഭാഗ്യമുണ്ടായി. എന്നാൽ അവരാകും എന്ന് ഞാൻ ചിന്തിച്ചിട്ടേയില്ല. അന്നും ഇന്നും ഇങ്ങനെ തന്നെ. മത്സരബുദ്ധിയൊന്നുമില്ല. ദൈവം തരുന്നതാണ് സംഗീതം. അതിനെ ജീവനുള്ളിടത്തോളം കാലം ഉപാസിക്കും. അത്രമാത്രം.
വിനയം കൊണ്ടാണോ പ്രതിഭയിൽ വിശ്വാസമില്ലാത്തത് കൊണ്ടാണോ?
നമുക്ക് ചെയ്യാൻ കഴിയുന്ന വർക്കുകൾ വരുമ്പോൾ ചെയ്യുന്നുണ്ട്. അത് പറഞ്ഞ് നടക്കേണ്ടതില്ല. മറ്റുള്ളവരെ കാണിക്കേണ്ടതുമില്ല. നന്നായി ചെയ്യാൻ ശ്രമിക്കുന്നു എന്നേയുള്ളു.
ഭരതൻ, പത്മരാജൻ എന്നീ സംവിധായകരുടെ സിനിമകളിൽ ഓർക്കസ്‌ട്രേഷൻ ചെയ്‌തിട്ടുണ്ടല്ലോ. ആ അനുഭവം എങ്ങനെയായിരുന്നു?
പോസിറ്റീവ് എനർജിയാണ് അവരൊക്കെ നൽകുന്നത്. ഇന്നലെയുടെ റിക്കോർഡിംഗ് വേള എനിക്കോർമ്മയുണ്ട്. ഓരോ ബിറ്റ് കഴിയുമ്പോഴും പത്മരാജൻ സാർ വന്ന് കെട്ടിപ്പിടിക്കും. 'ഓ .. മോഹൻ അസാധ്യമായിരിക്കുന്നു' എന്നൊക്കെ പറയും. അത് വലിയ പ്രോത്സാഹനമായിരുന്നു.
'ദീപസ്‌തംഭം മഹാശ്ചര്യം' എന്ന സിനിമയിൽ പാടാനും കഴിഞ്ഞു. എങ്ങനെയാണ് ആ അവസരം ലഭിച്ചത്?
കെബി മധുവായിരുന്നു ആ സിനിമയുടെ സംവിധായകൻ. 'പ്രണയകഥ പാടി വന്നു...' എന്ന ഗാനം കമ്പോസ് ചെയ്യുമ്പോൾ ഞാൻ തന്നെ പാടി നോക്കി. ഫൈനൽ മിക്‌സ് വന്നപ്പോൾ മോഹൻ തന്നെ പാടിയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചുകുട്ടികൾ പോലും പാടിനടക്കുന്ന ഒന്നാണ് 'അണ്ണാറക്കണ്ണാ വാ...' എന്ന മോഹൻലാൽ പാടി ഹിറ്റാക്കിയ ഗാനം. റിക്കോർഡിംഗ് വേളയിൽ മോഹൻലാൽ എന്ത് പറഞ്ഞു?