പ്രേക്ഷകർ നെഞ്ചോട് ചേർത്ത, ജനപ്രിയ ചിത്രം 'തിങ്കളാഴ്‌ച നിശ്ചയ'ത്തിന് ശേഷം സുനിൽ സൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് 'മുകൾപ്പരപ്പ്'. സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. ലാൽ ജോസ്, വിനീത് ശ്രീനിവാസൻ തുടങ്ങി ചലച്ചിത്ര രംഗത്തെ അമ്പതോളം പ്രമുഖർ ചേർന്നാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ റിലീസ് ചെയ്‌തത്.
മലബാറിന്‍റെയും അവിടുത്തെ തെയ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് 'മുകൾപ്പരപ്പ്' അണിയിച്ചൊരുക്കുന്നത്. പ്രണയത്തിനും നർമ്മത്തിനും ഒപ്പം സംഗീതത്തിനും പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ അപർണ ജനാർദ്ദനനാണ് നായികയായി എത്തുന്നത്. അന്തരിച്ച പ്രശസ്‌ത നടൻ മാമുക്കോയയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. മലയാളത്തിന്‍റെ അതുല്യ നടന്‍ മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് 'മുകൾപ്പരപ്പ്'.
കൂടാതെ ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, ഊർമിള ഉണ്ണി, ചന്ദ്രദാസൻ ലോകധർമ്മി, മജീദ്, ബിന്ദു കൃഷ്‌ണ, രജിത മധു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഇവർക്ക് പുറമെ ഒട്ടേറെ തെയ്യം കലാകാരൻമാരും പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
പാറ ഖനനത്തിന്‍റെ പ്രകമ്പനങ്ങൾ നിരന്തരം മുഴങ്ങുന്ന ഒരു ഗ്രാമത്തിലെ പേരെടുത്ത തെയ്യം കലാകാരനായ 'ചാത്തുട്ടിപ്പെരുവണ്ണാന്‍റെ' അന്ത:സംഘർഷങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. കണ്ണൂരിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ചില പാരിസ്ഥിതിക വിഷയങ്ങളിലേക്കും വെളിച്ചം വീശുന്നു.