കേരളം

kerala

ETV Bharat / entertainment

ധോണിയുടെ നിര്‍മാണത്തില്‍ നയന്‍താര ചിത്രം? വാര്‍ത്ത നിഷേധിച്ച് തലയുടെ ടീം - എംഎസ് ധോണി എന്‍റര്‍ടെയ്‌ന്‍മെന്‍റ്

ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ധോണി വിനോദ മേഖലയില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ക്യാപ്റ്റന്‍ കൂളിന്‍റെ ആദ്യ സംരംഭത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ms dhoni entertainment movie  ms dhoni nayanthara movie  ms dhoni production venture  ms dhoni tamil movie  എംഎസ് ധോണി നയന്‍താര സിനിമ  എംഎസ് ധോണി എന്‍റര്‍ടെയ്‌ന്‍മെന്‍റ്  എംഎസ് ധോണി തമിഴ് സിനിമ
ധോണിയുടെ നിര്‍മാണത്തില്‍ നയന്‍താര ചിത്രം? വാര്‍ത്ത നിഷേധിച്ച് തലയുടെ ടീം

By

Published : May 13, 2022, 1:39 PM IST

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി വിനോദ മേഖലയില്‍ തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ധോണിയുടെ ഭാര്യ സാക്ഷി ഇതേകുറിച്ചുളള സൂചനകള്‍ സോഷ്യല്‍ മീഡിയയിലൂടെ നല്‍കുകയും ചെയ്തു. നിലവില്‍ ധോണി എന്‍റര്‍ടെയ്ന്‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ചുമതല എംഎസ്‌ഡിയുടെ ഭാര്യയ്ക്കാണ്.

ധോണിയുടെ നിര്‍മാണത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന ഒരു തമിഴ് ചിത്രത്തെ കുറിച്ചുളള റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എംഎസ്‌ഡി നിര്‍മിച്ച് നയന്‍താര കേന്ദ്രകഥാപാത്രമാവുന്ന സിനിമ സഞ്ജയ് എന്നൊരു വ്യക്തിയാണ് സംവിധാനം ചെയ്യുന്നത് എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു.

ധോണി എന്‍റര്‍ടെയ്ന്‍മെന്‍റിനെ കുറിച്ചുളള റിപ്പോര്‍ട്ട് വ്യാപകമായി പ്രചരിച്ചതോടെ ഒടുവില്‍ വാര്‍ത്തകളില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് തലയുടെ ടീം. ആ വാര്‍ത്തകള്‍ വ്യാജമാണെന്നും ധോണി എന്‍റര്‍ടെയ്ന്‍മെന്‍റ് അങ്ങനെയൊരു ചിത്രം ചെയ്യുന്നില്ല എന്നും എംഎസ്‌ഡിയുടെ ടീം അറിയിച്ചു.

സഞ്ജയ് എന്ന വ്യക്തിയുമായി ധോണി എന്‍റര്‍ടെയ്ന്‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡിന് യാതൊരുവിധ ബന്ധവുമില്ല. ഇത്തരം വ്യാജ പ്രചരണങ്ങളെ എല്ലാവരും കരുതിയിരിക്കണമെന്നും വാര്‍ത്താകുറിപ്പിലൂടെ ധോണിയുടെ ടീം അറിയിച്ചു. അതേസമയം മികച്ച പല പ്രോജക്‌ടുകളും അണിയറയില്‍ ഒരുങ്ങുകയാണെന്നും അതേകുറിച്ച് വൈകാതെ തന്നെ ഞങ്ങള്‍ അറിയിക്കുമെന്നും ധോണി എന്‍റര്‍ടെയ്ന്‍മെന്‍റ് ടീം വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിന്‍റെ നായകനായ ധോണിക്ക് തമിഴ്‌നാടുമായി പ്രത്യേക ആത്മബന്ധം തന്നെയുണ്ട്. ചെന്നൈ തന്‍റെ രണ്ടാം വീട് ആണെന്ന് മുന്‍പ് മിക്ക പരിപാടികളിലും ധോണി തുറന്നുപറഞ്ഞിട്ടുണ്ട്. രവീന്ദ്ര ജഡേജ പിന്മാറിയ ശേഷം ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍സി വീണ്ടും ഏറ്റെടുക്കുകയായിരുന്നു ധോണി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സൂപ്പര്‍താരം ഇപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മാത്രമാണ് കളിക്കുന്നത്. അടുത്തിടെ ട്വന്‍റി 20 ലോകകപ്പ് സമയത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മെന്‍ററായും ധോണി പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ നയന്‍താരയുടെ കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവന്‍ ഒരു പരസ്യചിത്രത്തിനായി ധോണിയുമായി ഒന്നിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ലേഡി സൂപ്പര്‍സ്റ്റാറിനൊപ്പമുളള എംഎസ്‌ഡി സിനിമയെ കുറിച്ചുളള അഭ്യൂഹങ്ങള്‍ പുറത്തുവന്നത്.

ABOUT THE AUTHOR

...view details