കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി പരിണീതി ചോപ്രയും ആം ആദ്‌മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഏറെ നാളായി ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നിലനില്‍ക്കുന്നതിനിടെ ആയിരുന്നു വിവാഹ നിശ്ചയം. ഡൽഹിയിലെ കപൂർത്തല ഹൗസിൽ ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന എൻഗേജ്‌മെൻ്റ് ചടങ്ങിൻ്റെ ഫോട്ടോകൾ നേരത്തെ തന്നെ ഇരുവരും പുറത്തുവിട്ടിരുന്നു.
ഇപ്പോഴിതാ വിവാഹ നിശ്ചയ ദിവസം പകർത്തിയ കൂടുതൽ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പരിണീതി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച, എൻഗേജ്‌മെൻ്റ് ചടങ്ങിൻ്റെ ഇതുവരെ കാണാത്ത ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. മകളുടെ പിന്നിൽ ഈറനണിഞ്ഞ കണ്ണുമായി ഇരിക്കുന്ന പരിണീതിയുടെ അച്ഛന്‍ പവന്‍ ചോപ്രയുടേതുൾപ്പടെയുള്ള ചിത്രങ്ങൾ ആരാധകരുടെ ഹൃദയം കവര്‍ന്നു.
ബോളിവുഡിലെ പ്രശസ്‌ത ഡിസൈനർ മനീഷ് മൽഹോത്ര ഒരുക്കിയ പേസ്റ്റൽ നിറത്തിലുള്ള വസ്‌ത്രം ധരിച്ചാണ് പരിണീതി വിവാഹ നിശ്ചയ ദിനത്തിൽ തിളങ്ങിയത്. എംബ്രോയ്‌ഡറി വർക്കുകൾക്ക് അപ്പുറം മറ്റ് ആഡംബരങ്ങൾ ഏതുമില്ലാത്ത വസ്‌ത്രത്തിൽ താരം കൂടുതൽ സുന്ദരിയായി കാണപ്പെട്ടു. വസ്‌ത്രത്തോടൊപ്പം മിതമായ ആഭരണങ്ങൾ മാത്രമാണ് താരം പെയർ ചെയ്‌തത്. പേസ്റ്റൽ നിറത്തിൽ തന്നെയുള്ള വസ്‌ത്രത്തിലാണ് രാഘവ് ഛദ്ദയും എത്തിയത്. ഇരുവരുടെയും സിംപിൾ ലുക്ക് തന്നെയായിരുന്നു ചടങ്ങിൻ്റെ ഹൈലൈറ്റ്.
ALSO READ:പഞ്ചാബി പാട്ടിനൊപ്പം ചുവടുവച്ച് പരിണീതിയും രാഘവും, എന്‍ഗേജ്‌മെന്‍റ് വീഡിയോ വൈറല്‍
സിഖ് ആചാര പ്രകാരമാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. അകാൽ തഖ്‌ത് സാഹിബിന്‍റെ ജതേദാർ, സിങ് സാഹിബ് ഗ്യാനി ഹർപ്രീത് സിങ് തങ്ങളെ അനുഗ്രഹിച്ചത് ഭാഗ്യമായി കരുതുന്നതായി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട് പരിണീതി കുറിച്ചു. വിവാഹ നിശ്ചയത്തിലെ അദ്ദേഹത്തിന്‍റെ സാന്നിധ്യം മഹത്തരമായി കാണുന്നതായും താരം പറയുന്നു.