എറണാകുളം: പ്രശസ്‌ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്‍റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം.അഷ്‌റഫ് സംവിധാനം ചെയ്യുന്ന 'മോണിക്ക ഒരു എ ഐ സ്‌റ്റോറി' എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്‌തു (AI Movie Title Look Poster Released).
ഇന്ത്യയിലെ തന്നെ ആദ്യ എ ഐ സിനിമയാണ് മോണിക്ക ഒരു എ ഐ സ്‌റ്റോറി. മാഹി റിറ്റ്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ജോൺ ബ്രിട്ടാസ് എം.പി പോസ്‌റ്റർ പ്രകാശനം ചെയ്‌തു. ചടങ്ങിൽ എം.മുകുന്ദൻ, യുനിസിയോ, കൈതപ്രം ദാമോദരൻ നമ്പൂതിരി, രമേശ് പറമ്പത്ത് എംഎൽഎ, വി.എം. ഇബ്രാഹിം, എൻ.പി ഉല്ലേഗ്, ശിഹാബുദ്ധീൻ പൊയ്‌തുംകടവ്, പ്രദീപ് ചൊക്ലി, കെ.പി.ശ്രീശൻ, ഇ.എം.അഷറഫ്, സോമൻ പന്തക്കൽ എന്നിവർ പ്രസംഗിച്ചു.
അപർണയെ കൂടാതെ മജീഷ്യൻ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാവുന്നു. നിലവിൽ ഇംഗ്ലീഷ് പഠിപ്പിച്ചും ഫോട്ടോഷൂട്ടുകളുമൊക്കെയായി സജീവമായ അപർണ, ചലച്ചിത്ര രംഗത്തേക്ക് കടന്നിരിക്കുകയാണ്. ആദ്യമായി ഒരു മലയാള സിനിമയിൽ കേന്ദ്ര കഥാപാത്രമായും, ഗായികയായും അരങ്ങേറുകയാണ് ഈ ചിത്രത്തിലൂടെ അപർണ. നിർമാതാവ് മൻസൂർ പള്ളൂരും, സംവിധായകൻ ഇ.എം അഷ്റഫും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമയിലെ പ്രധാന അഭിനേതാക്കളായ കഥാപാത്രങ്ങളെ ഉൾക്കൊളിച്ച മോഷൻ പോസ്റ്റർ ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.