കേരളം

kerala

ETV Bharat / entertainment

കേട്ട നാൾ മുതൽ ആഗ്രഹിച്ചിരുന്നു, അസമിലെ കാമാഖ്യ ക്ഷേത്രം സന്ദര്‍ശിച്ച് മോഹന്‍ലാല്‍ - Mohanlal Facebook post

Mohanlal pens mystery of Kamakhya temple: അസമിലെ പ്രശസ്‌തമായ കാമാഖ്യ ക്ഷേത്ര ദര്‍ശനം നടത്തി മോഹന്‍ലാല്‍. താന്‍ വളരെയധികം കാത്തിരുന്ന ഒരു യാത്രയായിരുന്നു ഇതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

Mohanlal pens mystery of Kamakhya temple  Mohanlal visit Kamakhya temple in Assam  കാമാഖ്യ ക്ഷേത്ര ദര്‍ശനം നടത്തി മോഹന്‍ലാല്‍  അസമിലെ കാമാഖ്യ ക്ഷേത്രം സന്ദര്‍ശിച്ച് മോഹന്‍ലാല്‍  Mohanlal Facebook post
ഓർമയില്ലെങ്കിലും കേട്ട നാൾ മുതൽ ആഗ്രഹിച്ചിരുന്നു, അസമിലെ കാമാഖ്യ ക്ഷേത്രം സന്ദര്‍ശിച്ച് മോഹന്‍ലാല്‍

By

Published : Aug 17, 2022, 3:52 PM IST

Mohanlal visit Kamakhya temple in Assam: ഗുവഹാത്തിയിലെ പ്രശസ്‌തമായ കാമാഖ്യ ദേവി ക്ഷേത്രം സന്ദര്‍ശിച്ച് മോഹന്‍ലാല്‍. പുരാതനവും വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതുമാണ് അസമിലെ ഈ ക്ഷേത്രം. താന്‍ വളരെ നാളായി കാത്തിരുന്ന ഒരു യാത്രയാണ് ഇതെന്നാണ് യാത്രകളെ ഏറെ ഇഷ്‌ടപ്പെടുന്ന താരം പറയുന്നത്.

മോഹന്‍ലാല്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പുതിയ യാത്ര വിശേഷം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ക്ഷേത്രത്തിലെത്തിയ താരത്തെ ക്ഷേത്ര കമ്മിറ്റി പ്രവര്‍ത്തകര്‍ മാലയിട്ട് ആദരിച്ചു. എഴുത്തുകാരന്‍ ആര്‍ രാമാനന്ദും മോഹന്‍ലാലിനൊപ്പമുണ്ട്. കാമാഖ്യയുടെ ചരിത്രവും സൗന്ദര്യവും വിവരിക്കുന്ന മനോഹരമായൊരു കുറിപ്പുമായാണ് താരം ഫേസ്‌ബുക്കിലെത്തിയിരിക്കുന്നത്.

Mohanlal Facebook post: 'കേട്ടു കേൾവി കൊണ്ടല്ലല്ലോ ഒരിടം എന്താണെന്നറിയുന്നത്. ഞാൻ കാമാഖ്യയെ കുറിച്ച് കേട്ടത് എന്നാണ്? ഓർമ്മയില്ല. പക്ഷേ കേട്ട നാൾ മുതൽ അവിടെ ചെല്ലണം എന്നാഗ്രഹിച്ചിട്ടുണ്ട്. ആഗ്രഹങ്ങൾ തന്നെയാണ് അവസരങ്ങൾ സൃഷ്‌ടിക്കുന്നത്, പക്ഷേ ആഗ്രഹം മാത്രം മതിയാവില്ല പലതും സംഭവിക്കാൻ. പറയാവുന്നതും പറയാതിരിക്കാവുന്നതുമായ നൂറു കാര്യങ്ങൾ ഒരേ സമയം ഒത്തിണങ്ങുമ്പോൾ ചിലത് സംഭവിക്കുന്നു അത്രമാത്രം. അങ്ങനെ സംഭവിച്ചതാണ് കാമാഖ്യ യാത്ര.

ഭാരതത്തിലെ തന്ത്ര പാരമ്പര്യത്തിന്‍റെ തൊട്ടിലായിട്ടാണ് കാമാഖ്യ അറിയപ്പെടുന്നത്. നൂറു നൂറു അർത്ഥങ്ങൾ തന്ത്ര എന്ന ശബ്‌ദത്തിന് ഞാൻ വായിച്ചിട്ടുണ്ട്. പക്ഷേ ഞാനത് ആദ്യം കേട്ടത് എന്‍റെ അമ്മാവന്‍റെ (ഗോപിനാഥൻ നായർ) അടുത്ത് നിന്നാണ്. അന്ന് മുതൽ ആ വഴിയിൽ ഒരുപാട് മഹാത്മക്കളെ കാണുവാനും അറിയുവാനും സാധിച്ചിട്ടുണ്ട്. ഞാനറിഞ്ഞ തന്ത്രയുടെ അർത്ഥം ജീവിച്ചു കാണിച്ചവർ. തിരക്കുള്ള സിനിമ ജീവിതത്തിനിടയിൽ ഞാനവരെയൊക്കെ അത്‌ഭുതത്തോടെ നോക്കി നിൽക്കാറുണ്ട്. അവബോധത്തിന്‍റെ മാർഗത്തിലെ അവധൂതർ.

Mohanlal pens mystery of Kamakhya temple: തന്ത്രയെക്കുറിച്ച് ഞാനെന്ത് പറഞ്ഞാലും അതൊരു തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിന്‍റെ കരച്ചിൽ പോലെ മാത്രമേയുള്ളു. അറിയാനുള്ളതറിയാൻ ഇനിയും എത്രയോ മുൻപിലേക്ക് പോകണം. കാമാഖ്യ യോനി പ്രതിഷ്‌ഠിച്ച ക്ഷേത്രമാണ്. യോനി എന്നാൽ വരുന്നയിടം എന്നാണർത്ഥം. നമ്മളെല്ലാവരും വന്നയിടം. ഉറവിലേക്ക് തിരിഞ്ഞു പോകാനുള്ള വെമ്പൽ നമ്മിൽ സഹജമായി ഇരിക്കുന്നതാണ്. അതാണ് ഇവിടെ വരാനുള്ള ആദ്യ കാരണം.

ഇവിടെ വന്നപ്പോൾ മാത്രമാണ് ഞാൻ ഈ ഭൂമിയുടെ ചരിത്രമറിഞ്ഞത്. ഏതാണ്ട് 600 വർഷം അഹോം രാജാക്കന്മാർ ഭരിച്ചയിടം. മുഗൾ-ബ്രിട്ടിഷ് വാഴ്ച്ചയെ ശക്തമായി പ്രതിരോധിച്ച അഹോം രാജാക്കന്മാരെ ഞാൻ ചരിത്ര പാഠപുസ്‌തകത്തില്‍ പഠിച്ചതായി ഓർക്കുന്നില്ല. അസം ഉള്‍പ്പടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ചു നമ്മൾ കൂടുതൽ ശ്രദ്ധയോടെ പഠിക്കേണ്ടത് ഇന്ത്യയുടെ ദേശീയോത്ഗ്രഥനത്തിന് സഹായകമാണ്. കാമാഖ്യ ക്ഷേത്രത്തിന്‍റെ ചരിത്രം അഹോമുകളുടെ ചരിത്രത്തെയും കടന്ന് പിന്നോട്ട് പോകുന്നുണ്ട്.

പുരാണങ്ങളിൽ നരകാസുരനുമായി ഒക്കെ ബന്ധപ്പെട്ട കഥകൾ കാമാഖ്യയെ കുറിച്ച് കാണുന്നു. കാളികാ പുരാണം കിരാത ഭാവത്തിലുള്ള കാളി എന്ന് കാമാഖ്യയെ വിളിക്കുന്നു. നമ്മുടെ കേരളത്തിലെ കാടാമ്പുഴ ക്ഷേത്രം കിരാത ഭാവത്തിലുള്ള കാളി തന്നെയാണ് അവിടെയും നോക്കിയാൽ ഒരു കണക്കിന് യോനി തന്നെ പ്രതിഷ്‌ഠ. ഞങ്ങളോടൊപ്പം ക്ഷേത്രത്തിൽ വേണ്ട സഹായങ്ങൾ ചെയ്‌തു തന്ന പണ്ഡിറ്റ് നയൻ ജ്യോതി ശർമ്മ ക്ഷേത്രത്തിന്‍റെ പഴക്കം ദ്വാപര യുഗത്തോളം എന്നാണ് പറഞ്ഞത്.

ചരിത്രപരമായി ഇതിന്‍റെ പഴക്കം ഏഴാം നൂറ്റാണ്ടിൽ വരെ കൊണ്ട് ചെന്നെത്തിക്കാൻ ചരിത്രകാരന്മാർക്ക് സാധിച്ചിട്ടുണ്ട്. തീർച്ചയായും കാമാഖ്യയിലെ യോനീ സങ്കൽപത്തിനും ആരാധനയ്ക്കും മനുഷ്യ കുലത്തോളം പഴക്കമുണ്ട്. അതി മനോഹരമായ ഈ ക്ഷേത്രം ജാതിയോ മതമോ നോക്കാതെ എല്ലാവരെയും സ്വാഗതം ചെയ്യുന്നയിടമാണ്. തീർച്ചയായും വന്നു കാണേണ്ടതായ അനുഭവിക്കേണ്ടതായ ഒരിടം.

ഇന്ന് കാമാഖ്യയെ കണ്ടു നാളെ രാവിലെ ബ്രഹ്മപുത്രയിലെ ചെറുദ്വീപിലേക്ക്, ഉമാനന്ദനെ കാണാൻ. ഭൂപൻ ഹസാരിക ഹൃദയം നിറഞ്ഞു പാടിയ ബ്രഹ്മപുത്രയിലൂടെ ഒരു യാത്ര. നദികളുടെ കൂട്ടത്തിലെ പുരുഷനെ കാണാൻ ഒരു യാത്ര. ഈ യാത്ര ഞങ്ങൾ എന്നോ ആഗ്രഹിച്ചതാണ്. എന്‍റെ കൂടെ റാം ഉണ്ട് (ആർ. രാമാനന്ദ്). കാമാഖ്യ പോകണ്ടേ എന്ന ചോദ്യത്തിന് ഇന്ന് ഒരു വിരാമമായി. ഇനി ഭാരതത്തിൽ പോകാനുള്ള മറ്റ് അത്ഭുത സ്ഥലങ്ങൾ കൂടെ പോകാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.'-മോഹന്‍ലാല്‍ കുറിച്ചു.

Also Read: കാത്തിരിപ്പിന് വിരാമം, ആ വലിയ പ്രഖ്യാപനം ഇന്ന്, എമ്പുരാന്‍ അപ്‌ഡേറ്റിനായി ആകാംക്ഷയോടെ ആരാധകര്‍

ABOUT THE AUTHOR

...view details