മോഹന്‍ലാലിന്‍റെ (Mohanlal) വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'വൃഷഭ' (Vrushabha). 'വൃഷഭ'യുടെ ചിത്രീകരണം ആരംഭിച്ചു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ സ്‌റ്റില്ലുകള്‍ സഹിതമാണ് മോഹന്‍ലാല്‍ തന്‍റെ ഫേസ്‌ബുക്ക്, ട്വിറ്റര്‍ തുടങ്ങി സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിരിക്കുന്നത്.
'വൃഷഭ ഫ്രെയിമിലേയ്‌ക്കുള്ള ആദ്യ ചുവടുവയ്പ്പ്! വൃഷഭയ്ക്കായി ക്ലാപ്പ്ബോർഡ് അടിക്കുമ്പോൾ, നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹത്തിനുമായി ഞങ്ങൾ അഭ്യർഥിക്കുന്നു.' - ഇപ്രകാരമാണ് മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.
തലമുറകളിലൂടെ കഥ പറയുന്ന ചിത്രമാണ് 'വൃഷഭ' എന്നാണ് സൂചന. എപിക് ആക്ഷന്‍ എന്‍റര്‍ടെയിനറായി ഒരുങ്ങുന്ന ചിത്രം, അച്ഛനും മകനും ചേരുന്ന നാടകീയമായ കഥയാണ് പറയുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായി ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം 2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് അണിയറയിൽ ഒരുങ്ങുന്നത്. പ്രധാനമായും മലയാളത്തിലും തെലുഗുവിലും നിര്‍മിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിലും റിലീസിനെത്തും.
റോഷന്‍ മെക, സഹ്‌റ ഖാന്‍, ഷനായ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നത്. മോഹന്‍ലാലിന്‍റെ മകനായാണ് ചിത്രത്തില്‍ റോഷന്‍ മെക എത്തുന്നത്. റോഷന്‍ മെകയുടെ നായികയായി ഷനായ കപൂറാണ് എത്തുന്നത്. സഞ്ജയ് കപൂറിന്‍റെ മകള്‍ ഷനായ കപൂറിന്‍റെ പാന്‍ ഇന്ത്യന്‍ അരങ്ങേറ്റ ചിത്രം കൂടിയാണിത്.
മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്‍റെ ആവേശം റോഷന്‍ മെക മുമ്പൊരിക്കല്‍ പങ്കുവച്ചിരുന്നു. 'മോഹൻലാൽ സാറുമായി സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യാൻ കഴിയുന്നത് തന്നെ ഭാഗ്യമായി കാണുന്നു. ഒരു ചലഞ്ചിങ് വേഷമാണ്. എന്നാൽ കൂടിയും നന്ദകുമാർ സാറിന്‍റെ വിഷൻ അനുസരിച്ച് പ്രയത്നിക്കാൻ തയ്യാറാണ്. ഈ വലിയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു' - റോഷന്‍ മെക പറഞ്ഞു.
അതേസമയം, സിനിമയിലേയ്‌ക്ക് റോഷനെ തെരഞ്ഞെടുക്കാനുള്ള കാരണവും സംവിധായകന്‍ നന്ദ കിഷോര്‍ വ്യക്തമാക്കി. 'ഞാൻ റോഷനെ കണ്ട നിമിഷം തന്നെ മോഹൻലാലിന്‍റെ മകനായി അഭിനയിക്കാൻ പോകുന്നത് ഇദ്ദേഹമാണെന്ന് മനസിൽ ഉറപ്പിച്ചു. റോഷന്‍റെ മുൻപത്തെ ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അഭിനയ മികവ് കണ്ട് ഞാൻ ഞെട്ടിയിട്ടുണ്ട്. സിനിമയിൽ റോഷന്‍റെ സാന്നിധ്യം വലിയ സംഭാവന ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു' - നന്ദ കിഷോര്‍ പറഞ്ഞു.
സിനിമയ്‌ക്കായി കണക്‌ട് മീഡിയ, എവിഎസ് സ്‌റ്റുഡിയോ എന്നിവരുമായി ബാലാജി ടെലിഫിലിംസ് സഹകരിക്കുന്നു. സിനിമയെ കുറിച്ച് നിര്‍മാതാക്കളും പ്രതികരിക്കുന്നുണ്ട്. എവിഎസ് സ്‌റ്റുഡിയോസിന്‍റെ അഭിഷോക് വ്യാസ് 'വൃഷഭ'യെ കുറിച്ച് പറയുന്നത് ഇങ്ങനെ - 'എല്ലാ ആരാധകർക്കും ഇഷ്‌ടപ്പെടുന്ന തരത്തിലാണ് കാസ്‌റ്റിങ് നടത്തിയിരിക്കുന്നത്. റോഷൻ വളരെ അധികം കഴിവുള്ള വ്യക്തിയാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട ഈ കഥാപാത്രത്തെ റോഷൻ ഗംഭീരമാക്കുമെന്ന ഉറപ്പുണ്ട്. അദ്ദേഹം ചിത്രത്തിലേക്ക് എത്തുന്നത് വളരെ സന്തോഷത്തോടെയാണ് കാണുന്നത്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഉടനടി പുറത്ത് വിടുന്നതായിരിക്കും' - അഭിഷോക് വ്യാസ് പറഞ്ഞു.
Also Read:vrushabha| മോഹന്‍ലാല്‍ ചിത്രത്തില്‍ യോദ്ധാക്കളുടെ രാജകുമാരി ആയി ഗായിക സഹ്‌റ എസ് ഖാനും