മോഹന്‍ലാലിനെ നായകനാക്കിയുള്ള പുതിയ സിനിമയുടെ പ്രഖ്യാപനം പുറത്ത്. 'വൃഷഭ' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സംവിധാനം നന്ദ കിഷോര്‍ ആണ്. പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുങ്ങുന്ന ചിത്രത്തെ കുറിച്ചുള്ള ഏതാനും വിശേഷങ്ങള്‍ നേരത്തെ തന്നെ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ആക്ഷനും ഇമോഷനും ചേര്‍ന്ന ബഹുഭാഷ ചിത്രമായിരിക്കും 'വൃഷഭ' എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
സിനിമയുടെ കരാര്‍ ഒപ്പിട്ടുവെന്നും അതിനായി ദുബായില്‍ എത്തിയെന്നും നേരത്തെ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. തിരക്കഥ വായിച്ച ശേഷം സിനിമ ചെയ്യാന്‍ തീരുമാനം എടുക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.
ജീവിതകാലം മുഴുവന്‍ വ്യാപിക്കുന്ന ഒരു അച്ഛന്‍ -മകന്‍ ബന്ധം കാണിക്കുന്ന ഹൈ എനര്‍ജി ഡ്രാമയാണ് 'വൃഷഭ' എന്നാണ് സിനിമയെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ പിതാവിന്‍റെ വേഷത്തിലാണ് എത്തുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മോഹന്‍ലാല്‍ അച്ഛന്‍റെ കുപ്പായം അണിയുമ്പോള്‍ തെലുഗുവിലെ ഒരു മുന്‍നിര താരം മകന്‍റെ റോളില്‍ എത്തുമെന്നും സൂചനയുണ്ട്.
സംവിധായകന്‍ നന്ദകിഷോറിന്‍റെ കാഴ്‌ചപ്പാട് തന്നില്‍ മതിപ്പുളവാക്കിയെന്നും എവിഎസ് സ്‌റ്റുഡിയോസുമായി 'വൃഷഭ'യ്‌ക്കായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ 'വൃഷഭ' എഴുതുകയാണെന്ന് സംവിധായകന്‍ പറയുന്നു.
മോഹന്‍ലാല്‍ സാറിനൊപ്പം പ്രവര്‍ത്തിക്കുക എന്നത് ഒരു സ്വപ്‌ന സാക്ഷാത്‌ക്കാരമാണെന്നും നന്ദകിഷോര്‍ പറഞ്ഞു. 'വൃഷഭ'യെ തിയേറ്ററുകളില്‍ എത്തിക്കാനുള്ള ആവേശത്തിലാണ് താനെന്നും സംവിധായകന്‍ പറയുന്നു. 'എല്ലാ നല്ല ചിത്രങ്ങളുടെയും കാതല്‍ നിങ്ങളുമായി ബന്ധം പുലര്‍ത്തുന്ന കഥാപാത്രങ്ങളാണ്. സിനിമ കണ്ട ശേഷവും വര്‍ഷങ്ങളോളം ആ കഥാപാത്രങ്ങള്‍ നിങ്ങളുടെ മനസ്സില്‍ നില്‍ക്കുന്നു..'-നന്ദകിഷോര്‍ പറഞ്ഞു.