കൊച്ചി :ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബൻ്റെ' സെറ്റിൽ തിരികെയെത്തി മോഹൻലാൽ. സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. തീൻമേശയിൽ സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിക്കുന്ന വാലിബൻ ക്ര്യൂവിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ടീമിനൊപ്പം ഭക്ഷണം കഴിക്കുന്ന മോഹൻ ലാലിനെ ഉൾപ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരി സെല്‍ഫി പകര്‍ത്തി പുറത്തുവിടുകയായിരുന്നു. അട്ടഹസിച്ച് ചിരിക്കുന്ന മോഹൻ ലാലും ലിജോ ജോസ് പെല്ലിശ്ശേരിയുമാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. മലയാളത്തിലെ മുതിർന്ന ഹാസ്യ നടനും തൻ്റെ പ്രിയ സുഹൃത്തുമായ ഇന്നസെൻ്റിൻ്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് ശേഷമാണ് നടൻ മലൈക്കോട്ടൈ വാലിബൻ്റെ ഷൂട്ടിംഗിനായി തിരികെയെത്തിയത്.
ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം അവധിക്കാലം : ചിത്രത്തിന്റെ കേരള ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം മോഹന്‍ലാല്‍ അവധിക്കാലം ആഘോഷിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഒരു മിത്തിനെ പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബന്. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ആദ്യ ചിത്രമാണിത്.
പിരിയോഡിക് ഡ്രാമായായിട്ടാകും സിനിമ സ്ക്രീനിൽ എത്തുക. സിനിമയിൽ ചെമ്പോത്ത് സൈമൺ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേന്‍' ശേഷം പി എസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. ലിജോ ജോസിൻ്റെ ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട്. സംഗീത സംവിധാനം പ്രശാന്ത് പിള്ളയും, എഡിറ്റിങ് ദീപു ജോസഫും കൈകാര്യം ചെയ്യുന്നു.
also read :രാഘവ് ഛദ്ദയുമായുള്ള വിവാഹ വാർത്തകൾ സത്യമാണോ? ചോദ്യത്തിന് പരിനീതിയുടെ പ്രതികരണം