അകാലത്തില്‍ മരിച്ചുപോയ പ്രിയ സുഹൃത്ത് അനൂപ് രാമകൃഷ്‌ണന്‍റെ പുസ്‌തകം പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി കംപ്ലീറ്റ് ആക്‌ടര്‍ മോഹന്‍ലാല്‍. വിഷ്വല്‍ ഡിസൈനര്‍ അനൂപിന്‍റെ 'ടൈറ്റില്‍ - ഒ - ഗ്രഫി' എന്ന പുസ്‌തകം ഫേസ്‌ബുക്കിലൂടെ പ്രകാശനം ചെയ്‌ത് ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചിരിക്കുകയാണ് താരം.
അനൂപിന്‍റെ പുസ്‌തകവുമായി നില്‍ക്കുന്ന ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ന് നമുക്കൊപ്പമില്ലാത്ത അനൂപിനെ ഹൃദയത്തോട് ചേർത്തു നിർത്തി സന്തോഷത്തോടെ ഈ പുസ്‌തകം മലയാളത്തിന് സമർപ്പിക്കുന്നു എന്നാണ് മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. മലയാള സിനിമയിലെ ടൈറ്റിലുകളുടെ പകർന്നാട്ടങ്ങളെ കുറിച്ചുള്ള ഒരു സമഗ്ര പുസ്‌തകമാണ് 'ടൈറ്റില്‍ - ഒ - ഗ്രഫി'.
മോഹന്‍ലാലിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ്: 'ഒരു സിനിമയെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടി എത്തുന്നത് അതിന്‍റെ ടൈറ്റിൽ ആയിരിക്കും, അല്ലേ. ശില്‍പ സൗന്ദര്യം പോലെ നമ്മുടെ ഒക്കെ മനസിൽ പതിഞ്ഞു കിടക്കുന്ന എത്രയെത്ര സിനിമ ടൈറ്റിലുകളാണുള്ളത്. അകാലത്തിൽ വിട്ടുപിരിഞ്ഞ എന്‍റെ പ്രിയ സുഹൃത്ത് അനൂപിന്‍റെ സ്വപ്‌നമായിരുന്നു മലയാള സിനിമയിലെ ടൈറ്റിലുകളുടെ പകർന്നാട്ടങ്ങളെ കുറിച്ചുള്ള ഒരു സമഗ്ര പുസ്‌തകം. ആ സ്വപ്‌നത്തിന്‍റെ സാക്ഷാൽക്കാരമാണ് 'Title - o - Graphy'.
ടൈറ്റിലോഗ്രാഫി എന്ന സമാനതകള്‍ ഇല്ലാത്ത ഈ പുസ്‌തകത്തിലൂടെ അനൂപ്, സിനിമാ തലക്കെട്ടുകളുടെ പിന്നിലെ അത്ഭുത ലോകം നമുക്ക് മുന്നിൽ തുറന്നിടുകയാണ്. ഇന്ന് നമുക്കൊപ്പം ഇല്ലാത്ത അനൂപിനെ ഹൃദയത്തോട് ചേർത്തു നിർത്തി ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും ഈ പുസ്‌തകം മലയാളത്തിന് സമർപ്പിക്കുന്നു.' -മോഹന്‍ലാല്‍ കുറിച്ചു.