തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ചലച്ചിത്രതാരം മോഹൻലാൽ. വ്യക്തിപരമായി വലിയ അടുപ്പമാണ് എക്കാലത്തും ഉമ്മൻ ചാണ്ടിയോട് ഉണ്ടായിരുന്നതെന്നും സാധാരണക്കാരന്‍റെ പ്രശ്‌നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്ക് ഇറങ്ങിച്ചെന്ന മനുഷ്യ സ്‌നേഹിയായിരുന്നു അദ്ദേഹമെന്നും മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചു.
മോഹൻലാൽ ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ് :
പ്രഥമപരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവും, സാധാരണക്കാരൻ്റെ പ്രശ്‌നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യ സ്നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ. വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീർഘവീക്ഷണവും ഇച്ഛാശക്തിയുമുള്ള, കർമ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടുചേർത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികൾ.
ഇന്ന് (ജൂലൈ 18) പുലർച്ചെ 4.25നാണ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചത്. ക്യാൻസർ ബാധിതനായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെംഗളൂരുവിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വിദഗ്‌ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉമ്മൻ ചാണ്ടിയെ, ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് മാറ്റിയിരുന്നു.
തുടര്‍ന്ന്, ഒരു കോൺഗ്രസ് നേതാവിന്‍റെ വീട്ടിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. എന്നാൽ ഇന്നലെ അർധരാത്രിയോടെ ആരോഗ്യ നില വഷളാവുകയായിരുന്നു. തുടർന്ന് സമീപത്തെ ചിന്മയ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു.
ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന കോൺഗ്രസ് നേതാവിനെയാണ് ഉമ്മൻചാണ്ടിയുടെ മരണത്തോടെ രാഷ്‌ട്രീയ കേരളത്തിന് നഷ്‌ടമായിരിക്കുന്നത്. രണ്ടുതവണ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, വർഷങ്ങളായി പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടിലേറെ കാലം നിയമസഭാംഗമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കാലം നിയമസഭ സാമാജികനായിരുന്നതിന്‍റെ റെക്കോര്‍ഡുള്ളത്.
അതേസമയം വ്യാഴാഴ്‌ച (ജൂലൈ 20) കോട്ടയം പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിലാണ് അദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ബെംഗളൂരുവില്‍ നിന്ന് എത്തിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരം ജഗതിയിലെ വസതിയായ പുതുപ്പള്ളി ഹൗസിലും പിന്നീട് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിനായി എത്തിക്കും. തുടര്‍ന്ന്, സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തിലും കെപിസിസി ആസ്ഥാനത്തും പൊതുദര്‍ശനം ഉണ്ടാകും.
READ ALSO:CM Pinarayi Vijayan about Oommen Chandy| വിടപറഞ്ഞ് ജനനായകൻ: അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
അര്‍ധരാത്രിയോടെ ആയിരിക്കും തിരികെ ജഗതിയിലെ വസതിയില്‍ മൃതദേഹം എത്തിക്കുന്നത്. തുടർന്ന് നാളെ (ജൂലൈ 19) രാവിലെ വിലാപ യാത്രയായി തിരുവന്തപുരത്തുനിന്നും കോട്ടയത്തേക്ക് ഭൗതിക ശരീരം കൊണ്ടുപോകും. വൈകുന്നേരത്തോടെ കോട്ടയത്തെ തിരുനക്കര മൈതാനത്ത് മൃതദേഹം എത്തിക്കും. ശേഷം പുതുപ്പള്ളിയിലെ അദ്ദേഹത്തിന്‍റെ വസതിയിലും പൊതുദര്‍ശനമുണ്ടാകും.