കേരളം

kerala

ETV Bharat / entertainment

'ഇപ്പോൾ കാത്തിരിപ്പിനൊരു മുഖമുണ്ട്'; വിസ്‌മയിപ്പിക്കാനൊരുങ്ങി മലൈക്കോട്ടൈ വാലിബൻ, ഫസ്റ്റ്‌ ലുക്ക് പുറത്ത് - ഞെട്ടിക്കാനൊരുങ്ങി മലൈക്കോട്ടൈ വാലിബൻ

രണ്ട് കൈകളിലുമുള്ള വടത്തെ മുട്ടുകുത്തിയിരുന്ന് അലറിവിളിച്ചുകൊണ്ട് വലിക്കുന്ന രീതിയിലാണ് ഫസ്റ്റ് ലുക്കിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മോഹൻലാൽ  Malaikottai valiban  Mohanlal  മലൈക്കോട്ടെ വാലിബൻ  Mohanlal movie Malaikottai Vaaliban  Malaikottai Vaaliban first look poster  Lijo Jose Pellissery  ഞെട്ടിക്കാനൊരുങ്ങി മലൈക്കോട്ടൈ വാലിബൻ  മലൈക്കോട്ടൈ വാലിബൻ ഫസ്റ്റ് ലുക്ക്
മലൈക്കോട്ടൈ വാലിബൻ

By

Published : Apr 14, 2023, 8:00 PM IST

ലയാള സിനിമ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്‍റെ 'മലൈക്കോട്ടൈ വാലിബന്‍റെ' ഫസ്റ്റ് ലുക്ക് പുറത്ത്. മോഹൻലാൽ തന്‍റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ചിത്രത്തിന്‍റെ ചെറിയ അപ്‌ഡേഷനുകൾ പോലും ആവേശത്തോടെ ഏറ്റെടുത്തിരുന്ന ആരാധകരുടെ പ്രതീക്ഷകൾക്കും മേലെയാണ് ഫസ്റ്റ് ലുക്ക് എന്നാണ് പ്രതികരണങ്ങളിൽ നിന്ന് വ്യക്‌തമാകുന്നത്.

'ഇപ്പോൾ കാത്തിരിപ്പിനൊരു മുഖമുണ്ട്. മലൈക്കോട്ടൈ വാലിബന്‍റെ ഫസ്റ്റ് ലുക്ക് നിങ്ങൾക്കായി സമർപ്പിക്കുന്നു. ഈ ചിത്രത്തിന് ജീവൻ നൽകാനുള്ള യാത്രയിൽ ഞങ്ങളെ പ്രോത്സാഹിപ്പിക്കുക', ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ കുറിച്ചു. പുരാതന കാലത്തെ യോദ്ധാവിന്‍റെ വേഷത്തിൽ രണ്ട് കൈകളിലുമുള്ള വടത്തെ മുട്ടുകുത്തിയിരുന്ന് അലറിവിളിച്ചുകൊണ്ട് വലിക്കുന്ന രീതിയിലാണ് ഫസ്റ്റ് ലുക്കിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഒരു മിത്തിനെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ഗുസ്‌തിക്കാരന്‍റെ വേഷത്തിലാകും മോഹൻലാൽ എത്തുക എന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ആ അഭ്യൂഹങ്ങൾ ശരിവയ്‌ക്കുന്ന തരത്തിലാണ് ഇപ്പോൾ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തുവിടുന്ന കാര്യം മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അപ്പോൾ മുതൽ തന്നെ സോഷ്യൽ മീഡിയകളിൽ മലൈക്കോട്ടെ വാലിബൻ ട്രെൻഡിങ്ങായി മാറിയിരുന്നു.

ഞെട്ടിക്കും ഈ വാലിബൻ: മോഹൻലാലിന്‍റെയും ലിജോ ജോസ് പല്ലിശ്ശേരിയുടേയും കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ് മലൈക്കോട്ടൈ വാലിബൻ. മാക്‌സ്‌ ലാബ് സിനിമാസും ഷിബു ബേബി ജോണിന്‍റെ ഉടമസ്ഥതയിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്‌സും ചേർന്ന് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ രാജസ്ഥാനിലെ ജയ്‌സാൽമീറിൽ പൂർത്തിയായിരുന്നു.

ജനുവരി 18നാണ് പ്രധാന ലൊക്കേഷനായ ജായ്‌സാൽമീറിൽ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചത്. ജായ്‌സാൽമീറിൽ 77 ദിവസമാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് നടന്നത്. ഇനി ചെന്നൈയിലാണ് ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂൾ നിശ്ചയിച്ചിരിക്കുന്നത്. 40 ദിവസത്തോളമാണ് ചെന്നൈയിലെ ഷൂട്ടിങ് നടക്കുക. രണ്ടാം ഷെഡ്യൂൾ മെയ്‌ പകുതിയോടെ ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം.

മുന്നണിയിലും പിന്നണിയിലും പ്രമുഖർ: ലിജോ ജോസിന്‍റെ സൂപ്പർ ഹിറ്റ് സിനിമയായ ആമേനു വേണ്ടി തിരക്കഥ ഒരുക്കിയ പി എസ് റഫീഖാണ് മലൈക്കോട്ടെ വാലിബനും തിരക്കഥ എഴുതിയിരിക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്‌ഠന്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം. എഡിറ്റിങ് ദീപു ജോസഫും കലാസംവിധാനം ഗോകുല്‍ ദാസും നിര്‍വഹിക്കും. റോണക്‌സ്‌ സേവ്യര്‍ ആണ് വസ്‌ത്രാലങ്കാരം.

ചിത്രത്തിൽ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ വൻ താരനിരയാണ് അണിനിരക്കുന്നത്. മറാഠി സൂപ്പർ സ്റ്റാർ സോണാലി കുൽക്കർണി, ഹരിപ്രശാന്ത് വര്‍മ്മ, ഹരീഷ് പേരടി, സുചിത്ര നായര്‍, മനോജ് മോസസ്, മണികണ്ഠന്‍ ആചാരി, ബംഗാളി നടി കഥ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

ALSO READ:രാജസ്ഥാൻ ഷെഡ്യൂൾ തീർത്ത് 'മലൈക്കോട്ടെ വാലിബൻ'; ടീമിന് നന്ദി പറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി

ABOUT THE AUTHOR

...view details