ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'നേര്' ചിത്രത്തിന്‍റെ അപ്‌ഡേറ്റുകൾക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രീകരണം ആരംഭിച്ച 'നേര്' സെറ്റിൽ നായകനായി വേഷമിടുന്ന മോഹൻലാൽ എത്തിച്ചേർന്നിരിക്കുകയാണ് (Mohanlal Joined the Set of Neru).
മലയാളത്തിന്‍റെ മഹാനടൻ മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന, ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന 'നേരി'ന്‍റെ സെറ്റിൽ ജോയിൻ ചെയ്‌തെന്നും സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കൂ എന്നുമാണ് താരം കുറിച്ചത്.
ഒരു കോര്‍ട്ട് സസ്‌പെൻസ് ത്രില്ലര്‍ ചിത്രമാകും 'നേര്' എന്നാണ് വിവരം. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഓഗസ്‌റ്റ് 17നാണ് സിനിമയുടെ ചിത്രീകരണത്തിന് തലസ്ഥാന നഗരിയിൽ തുടക്കമായത്. വഴുതക്കാട് ഫ്രീ മേസൻസ് ക്ലബ്ബിൽ വച്ചാണ് സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കർമവും നടന്നത്. മോഹൻലാല്‍ അടക്കമുള്ളവർ പൂജ ചടങ്ങിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. പ്രേക്ഷകരുടെ പ്രാർഥനകളും അനുഗ്രഹങ്ങളും തേടിക്കൊണ്ടായിരുന്നു മോഹൻലാല്‍ ഫോട്ടോകൾ പങ്കുവച്ചത്.
ജീത്തു ജോസഫിനൊപ്പം ശാന്തി മായാദേവിയും ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്ന 'നേര്' 'നീതി തേടുന്നു' എന്ന ടാഗ്‍ലൈനോടെയാണ് എത്തുന്നത്. മോഹൻലാലിനൊപ്പം ജഗദീഷ്, സിദ്ദിഖ്, അനശ്വര രാജൻ, പ്രിയാമണി, ഗണേഷ് കുമാർ, നന്ദു, കലേഷ്, ശ്രീധന്യ, മാത്യു വർഗീസ്, ശാന്തി മായാദേവി, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, രമാദേവി, ഡോ. പ്രശാന്ത്, രശ്‌മി അനിൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കും (Neru Cast).