മോഹല്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടിലുള്ള 'നേര്' (Neru) തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. ഡിസംബര്‍ 21ന് റിലീസ് ചെയ്‌ത ചിത്രം രണ്ടാം ആഴ്‌ചയിലേയ്‌ക്ക് കടക്കുമ്പോഴും തിയേറ്ററുകളില്‍ നിന്നും മികച്ച സ്വീകാര്യതയാണ് 'നേരി'ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
'നേരി'ന്‍റെ പുതിയ കലക്ഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആഗോളതലത്തില്‍ ചിത്രം 50 കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. സിനിമയുടെ പുതിയ പോസ്‌റ്ററിനൊപ്പമാണ് മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചത്.
'ലോകമെമ്പാടുമുള്ള ബോക്‌സോഫിസിൽ നേര് 50 കോടി കടന്നു! ഈ സ്നേഹത്തിന് എല്ലാ പ്രേക്ഷകർക്കും ഹൃദയംഗമമായ നന്ദി, ഒപ്പം സിനിമയുടെ മുഴുവൻ ക്രൂവിനും അഭിനന്ദനങ്ങൾ!' -ഇപ്രകാരമാണ് മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചത് (Mohanlal Facebook Post).
Also Read:'മോഹൻലാലിനെ ശരിയായി തന്നെ ജീത്തു ജോസഫ് ഉപയോഗിച്ചു': നേരിന് അഭിനന്ദനങ്ങളുമായി പ്രിയദര്‍ശന്‍
ക്രിസ്‌മസ് റിലീസായി അവധിക്കാലത്ത് തിയേറ്ററുകളില്‍ എത്തിയത് 'നേരി'ന്‍റെ കലക്ഷന് ഗുണകരമായി. നേരത്തെ മോഹന്‍ലാലിന്‍റെ 'ലൂസിഫര്‍', 'ദൃശ്യം', 'പുലിമുരുകന്‍', 'ഒപ്പം' എന്നീ ചിത്രങ്ങളും 50 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു.
ഒരു കോര്‍ട്ട് റൂം ഡ്രാമയായിരുന്നു 'നേര്'. നേരി'ലൂടെ മികച്ച പ്രകടനം കാഴ്‌ചവച്ച മോഹന്‍ലാലിനെയും അനശ്വര രാജനെയും സംവിധായകന്‍ ജീത്തു ജോസഫിനെയും പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലിനെയും ജീത്തു ജോസഫിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു (Priyadarshan praises Neru).