മോഹന്‍ലാല്‍ ആദ്യമായി സംവിധാന കുപ്പായമണിയുന്ന ചിത്രമാണ് 'ബറോസ്'. സംവിധായകനായുള്ള മോഹന്‍ലാലിന്‍റെ അരങ്ങേറ്റ ചിത്രം എന്നത് കൊണ്ട് തന്നെ പ്രഖ്യാപനം മുതല്‍ 'ബറോസ്' മാധ്യമ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ ഓരോ പുതിയ വിശേഷങ്ങള്‍ക്കായും ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ 'ബറോസു'മായി ബന്ധപ്പെട്ട് പുതിയൊരു അപ്‌ഡേറ്റാണ് പുറത്തുവരുന്നത്.
'ബറോസ്' ലൊക്കേഷനിലേതെന്ന് കരുതപ്പെടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കാമറയ്‌ക്ക് മുന്നില്‍ പ്രണവ് മോഹന്‍ലാലിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണാനാവുക. സെറ്റില്‍ നില്‍ക്കുന്ന പ്രണവിനോട് മോഹന്‍ലാല്‍ ഷോട്ട് വിവരിക്കുന്നതും കാണാം. സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍, സ്‌റ്റില്‍ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസന എന്നിവരെയും വീഡിയോയില്‍ കാണാം.
2019ലായിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം. 2021 മാര്‍ച്ച് 24നായിരുന്നു 'ബറോസി'ന്‍റെ ഒഫീഷ്യല്‍ ലോഞ്ച്. 170 ദിവസത്തോളമെടുത്താണ് 'ബറോസ്' ചിത്രീകരണം പൂര്‍ത്തീകരിച്ചത്. ഇപ്പോള്‍ ചിത്രം പോസ്‌റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.
ഫാന്‍റസി സ്വഭാവമുള്ള ത്രീഡി ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്‌ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക. നേരത്തെ 'ബറോസി'ലെ മോഹന്‍ലാലിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങിയിരുന്നു.
തല മൊട്ടയടിച്ച് താടി നീട്ടി വളർത്തി സിംഹാസനത്തിൽ ഇരിക്കുന്ന താരത്തെയായിരുന്നു പോസ്‌റ്ററില്‍ കാണാനാവുക. ഡി ഗാമയുടെ നിധി കാക്കുന്ന ഭൂതത്തിന്‍റെ വേഷമാണ് ചിത്രത്തിൽ മോഹൻലാലിന്. ഫസ്‌റ്റ് ലുക്കിന് പുറമെ 'ബറോസി'ന്‍റെ പ്രൊമോ ടീസറും പുറത്തുവിട്ടിരുന്നു.