മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ (Kerala State Film Awards) ലഭിച്ച മമ്മൂട്ടിയ്‌ക്ക് (Mammootty) അഭിനന്ദന പ്രവാഹങ്ങള്‍. മോഹന്‍ലാലും (Mohanlal) മമ്മൂട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇക്കുറി സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ മറ്റ് പുരസ്‌കാര ജേതാക്കള്‍ക്കൊപ്പമാണ് മമ്മൂട്ടിയെയും മോഹന്‍ലാല്‍ അഭിനന്ദിച്ചത്.
'കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. മമ്മൂട്ടി, എന്‍റെ പ്രിയപ്പെട്ട ഇച്ചാക്കയ്‌ക്കും മഹേഷ് നാരായണന്‍, കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ക്കും പ്രത്യേക സ്‌നേഹവും അഭിനന്ദനങ്ങളും' -ഇപ്രകാരമാണ് മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.
മോഹന്‍ലാലിന്‍റെ ഈ കുറിപ്പിന് നന്ദി അറിയിച്ച് മമ്മൂട്ടിയും രംഗത്തെത്തി. 'പ്രിയപ്പെട്ട ലാല്‍, ആശംസകള്‍ക്ക് നന്ദി' -എന്നാണ് മമ്മൂട്ടി മോഹന്‍ലാലിന്‍റെ പോസ്‌റ്റിന് കമന്‍റ് ചെയ്‌തത്. ഒരു ചിത്രം പോലുമില്ലാതെ പോസ്‌റ്റ് ചെയ്‌ത താര രാജാക്കന്‍മാരുടെ ഈ പോസ്‌റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് വൈറലായി. മോഹല്‍ലാലിന്‍റെ പോസ്‌റ്റിന് 54,000 ലൈക്കുകള്‍ ലഭിച്ചപ്പോള്‍, മമ്മൂട്ടിയുടെ മറുപടി കമന്‍റിന് 14,000 ലൈക്കുകളാണ് ആരാധകരില്‍ നിന്നും ലഭിച്ചിരിക്കുന്നത്.
രാഷ്‌ട്രീയ മേഖലയിലെ നിരവധി പ്രമുഖരും മമ്മൂട്ടിയെ പ്രശംസിച്ച് രംഗത്തെത്തി. നിയമസഭ സ്‌പീക്കര്‍ എ എന്‍ ഷംസീര്‍ മമ്മൂട്ടിയെ നേരില്‍ സന്ദര്‍ശിച്ച് അഭിനന്ദനം അറിയിച്ചു. 'പ്രായം എപ്പോഴും മുപ്പതുകളിൽ. ഒപ്പം ഒരുപാട് വർഷത്തെ പരിചയവും. സംസ്ഥാന സർക്കാരിന്‍റെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ പ്രിയപ്പെട്ട മമ്മൂക്കയെ നേരിൽ സന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു' -ഇപ്രകാരമാണ് എ എന്‍ ഷംസീര്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും അദ്ദേഹം ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.