മോഹൻലാൽ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനമായി. മലയാളത്തിന്‍റെ മഹാനടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്‍റെ റിലീസ് തീയതി പുറത്ത്. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്‍റെ റിലീസ് തീയതി ഔദ്യോഗികമായി പുറത്തുവിട്ടത്.
അടുത്ത വർഷം മാര്‍ച്ച് 28ന് ബറോസ് തിയേറ്ററുകളില്‍ എത്തും. ഈ ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് ഇന്ന് വൈകിട്ട് എത്തുമെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പ് താരം അവസാനിപ്പിച്ചിരിക്കുകയാണ്. അഭിനയം കൊണ്ട് വിസ്‌മയിപ്പിച്ച താരത്തിന്‍റെ സംവിധായകനായുള്ള അരങ്ങേറ്റം എങ്ങനെയാകുമെന്ന് അറിയാൻ പ്രതീക്ഷയോടെ കാക്കുകയാണ് ആരാധകർ.
ഒരു 3 ഡി പോസ്റ്റര്‍ സഹിതമാണ് മോഹൻലാൽ 'ബറോസി'ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. 'നിങ്ങളുടെ കലണ്ടറുകൾ അടയാളപ്പെടുത്തുന്നതിനുള്ള ഒരു ഔദ്യോഗിക അറിയിപ്പ് ഇതാ - "ബറോസ്" 2024 മാർച്ച് 28ന് തിയേറ്ററുകളിൽ എത്തുന്നു! സൂപ്പർസ്റ്റാർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ചിത്രത്തിൽ മോഹൻലാൽ തന്നെയാണ് സുപ്രധാന വേഷത്തിൽ എത്തുന്നതും. 'നേര്', 'മലൈക്കോട്ടൈ വാലിബന്‍' എന്നിവയ്‌ക്ക് ശേഷം തിയേറ്ററുകളിലേക്ക് എത്തുന്ന മോഹന്‍ലാല്‍ ചിത്രമാകും 'ബറോസ്'. മോഹന്‍ലാലിന്‍റെ കന്നി സംവിധാന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടാൻ ബറോസിന് കഴിഞ്ഞിരുന്നു.
ചിത്രത്തിന്‍റെ ഓരോ അപ്‌ഡേറ്റുകൾക്കായും പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാലോകവും കാതോർത്തിരുന്നത്. 2019 ഏപ്രിലില്‍ ആയിരുന്നു ഈ ചിത്രത്തിന്‍റെ പ്രഖ്യാപനം മോഹൻലാൽ നടത്തിയത്. പിന്നീട് 2021 മാര്‍ച്ച് 24ന് ആയിരുന്നു ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച്. 170 ദിവസത്തോളമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‌ത ജിജോ പുന്നൂസിന്‍റെ ബറോസ്: ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുമ്പോൾ മായ, സാറാ വേഗ, തുഹിൻ മേനോൻ, സീസർ ലോറന്‍റ റാറ്റൺ, കല്ലിറോയ് സിയാഫെറ്റ, ഗുരു സോമസുന്ദരം എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.
നാല് നൂറ്റാണ്ടിലേറെയായി വാസ്‌കോഡ ഗാമയുടെ മറഞ്ഞിരിക്കുന്ന നിധിയുടെ സംരക്ഷണം ഏൽപ്പിച്ചിരിക്കുന്ന ബറോസിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ഈ സമ്പത്ത് ഗാമയുടെ യഥാർഥ പിൻഗാമിക്ക് കൈമാറുക എന്നതാണ് ബറോസിന്‍റെ ഏക ഉത്തരവാദിത്തം. ഏതായാലും മികച്ച ഒരു വിഷ്വൽ ട്രീറ്റ് തന്നെയാകും ബറോസ് ഒരുക്കുക എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി അഭിനേതാക്കളും സാങ്കേതിക വിദഗ്‌ധരും 'ബറോസി'ന്‍റെ അണിനിരയിലുണ്ട്.
ഹോളിവുഡ് സംഗീത സംവിധായകന്‍ മാര്‍ക്ക് കിലിയന്‍ ആണ് ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നത്. സംവിധായകന്‍ ടികെ രാജീവ് കുമാര്‍ സിനിമയുടെ സഹ സംവിധായകനാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനാണ്.
READ ALSO:Barroz | ഞെട്ടിച്ച് 'ബറോസ്' പ്രീ വിഷ്വലൈസേഷന്‍ വീഡിയോ ; അണിയറയിലൊരുങ്ങുന്നത് ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും