മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'മലൈക്കോട്ടെ വാലിബന്‍'. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകള്‍ക്കായും പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുളളത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള പുതിയ വിവരമാണ് പുറത്തു വരുന്നത്.
'മലൈക്കോട്ടെ വാലിബന്‍റെ' ഷൂട്ടിങ് ഈ മാസം 18ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനിലെ ജെയ് സാല്‍മീറില്‍ ഒരു വമ്പന്‍ സെറ്റ് ഒരുക്കിയാകും ചിത്രീകരണം നടത്തുക. ട്രേഡ് അനലിസ്‌റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ട്വീറ്റിലൂടെയായിരുന്നു ശ്രീധര്‍ പിള്ള ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയുടെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ 18ന് ജോയിന്‍ ചെയ്യുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
2023ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 2022 ഡിസംബര്‍ 23നായിരുന്നു സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനം. ചിത്രത്തില്‍ ഗുസ്‌തിക്കാരനായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന. സൂപ്പര്‍താരം കമല്‍ ഹാസന്‍, ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, മണികണ്‌ഠന്‍ ആചാരി, ഹരീഷ് പേരടി തുടങ്ങിയവരും സിനിമയില്‍ അണിനിരക്കുന്നുണ്ട്.