ലിജോ ജോസ് പെല്ലിശ്ശേരി അണിയിച്ചൊരുക്കുന്ന 'മലൈക്കോട്ടൈ വാലിബന്' ശേഷം മോഹന്‍ലാല്‍ (Mohan Lal ) നായകനായി പാന്‍ ഇന്ത്യന്‍ ചിത്രം വരുന്നു. നന്ദ് കിഷോര്‍ (Nand Kishor) സംവിധാനം ചെയ്യുന്ന 'വൃഷഭ' (Vrushabha ) ആണ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന 'വൃഷഭ' മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും റിലീസിനെത്തുമെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് 'വൃഷഭ' ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. 200 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം എവിഎസ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവീര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. പ്രമുഖ ബോളിവുഡ് നിര്‍മാതാവ് ഏക്ത കപൂര്‍ (Ekta Kapoor) ചിത്രത്തിന്‍റെ നിര്‍മാണ പങ്കാളിയായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. യാഷ് രാജ് ഫിലിംസിന്‍റെ മുംബൈയിലെ ഓഫിസിലേക്ക് ഏക്തയുമായുള്ള ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ എത്തിയിരുന്നു.
സിനിമയുടെ ഷൂട്ടിംഗ് അടുത്തയാഴ്‌ച ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ ഇമോഷണല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രം അച്ഛനും മകനും ഇടയിലുള്ള ബന്ധത്തിന്‍റെ ആഴം പറയുന്ന ഒന്നായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ചിത്രത്തില്‍ ഇമോഷന്‍സിനൊപ്പം തന്നെ വി.എഫ്.എക്‌സിനും പ്രാധാന്യം ഉണ്ടാകും. മോഹന്‍ലാലിന്‍റെ മകനായി തെലുഗു താരമെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
നേരത്തെ 'വൃഷഭ'യെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങളും വാർത്തയായിരുന്നു. വലിയ സിനിമയായിരിക്കും 'വൃഷഭ' എന്നാണ് താരം അന്ന് പറഞ്ഞത്. 'ഞാന്‍ പുതിയൊരു സിനിമയുടെ ഭാഗമാകാന്‍ പോവുകയാണ്. അതിനാണ് ദുബായില്‍ വന്നത്. തെലുഗു, ഹിന്ദി, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ വരുന്ന വലിയൊരു സിനിമയാണ്. വൃഷഭ എന്നാണ് പേര്. ഇതൊരു വലിയ സിനിമയായിരിക്കും'- മലയാളത്തിന്‍റെ മഹാനടന്‍റെ വാക്കുകൾ ഇങ്ങനെ.