ഇക്കുറി രണ്ട് ഓസ്‌കര്‍ അവാര്‍ഡുകളാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'ആര്‍ആര്‍ആറി'ലൂടെയും 'ദി എലിഫന്‍റ് വിസ്‌പറേഴ്‌സി'ലൂടെയും 95ാമത് അക്കാദമി അവാര്‍ഡില്‍ രണ്ട് അവാര്‍ഡുകള്‍ സ്വന്തമാക്കി ഇന്ത്യ ചരിത്രം കുറിച്ചു. മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്‌കാരം 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനം നേടിയപ്പോള്‍, മികച്ച ഹ്രസ്വ ഡോക്യുമെന്‍ററിയ്‌ക്കുള്ള പുരസ്‌കാരമാണ് 'ദി എലിഫന്‍റ് വിസ്‌പറേഴ്‌സ്' സ്വന്തമാക്കിയത്..
ഗാന രചയിതാവ് ചന്ദ്രബോസിനൊപ്പം ഓസ്‌കര്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം ഓസ്‌കര്‍ വേദിയില്‍ സംഗീത സംവിധായകൻ എംഎം കീരവാണി ഗംഭീരമായ പ്രഭാഷണം നടത്തിയിരുന്നു. മികച്ച ഡോക്യുമെന്‍ററിയില്‍ വിജയം നേടിയ ഗുനീത് മോംഗയ്‌ക്ക് ഓസ്‌കര്‍ വേദിയില്‍ സംസാരിക്കാനുള്ള സമയം വെട്ടിച്ചുരുക്കിയത് ഏവരെയും അത്ഭുതപ്പെടുത്തി. ഗുനീത് മോംഗയുടെ ഡോക്യുമെന്‍ററി ഓസ്‌കര്‍ നേടിയ അവസരത്തില്‍ ഓസ്‌കര്‍ വേദിയില്‍ ഗുനീത് മോംഗയ്‌ക്ക് പ്രസംഗിക്കാനുള്ള സമയം വെട്ടിച്ചുരുക്കിയത് സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്കും തുടക്കമിട്ടു.
'സംഭവിച്ചത് ഇതാണ്', വെളിപ്പെടുത്തി കീരവാണി:സംഭവത്തെ കുറിച്ച് ഓസ്‌കര്‍ ജേതാവ് എംഎം കീരവാണി ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തി. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അവാർഡ് സ്വീകരിച്ച ഉടൻ തന്നെ ഗുനീത് മോംഗയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുണ്ടായ സാഹചര്യമാണ് കീരവാണി പങ്കുവച്ചത്. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് മോംഗയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കീരവാണി പറഞ്ഞു.
'പ്രപഞ്ചം എന്‍റെ പ്രാർഥന കേൾക്കുകയും അത് സംഭവിക്കുകയും ചെയ്‌തു. ആശ്ചര്യം ഉണ്ടായിരുന്നെങ്കിലും അത് എന്നെ അത്ര വലിയ ആവേശത്തില്‍ ഒന്നും എത്തിച്ചില്ല. എന്നാൽ മറ്റൊരു അവാർഡ് ജേതാവായ ഗുനീത് മോംഗയുടെ കാര്യത്തില്‍, അവര്‍ക്ക് വേദിയില്‍ സംസാരിക്കാന്‍ സമയം ലഭിച്ചില്ല. അതിനാല്‍ അവര്‍ക്ക് ശ്വാസം മുട്ടി, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു' -ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചതിലുള്ള ആവേശം പങ്കുവച്ച് കീരവാണി പറഞ്ഞു.
ഗുനീത് മോംഗയുടെ പ്രതികരണം: അതേസമയം തന്‍റെ ഓസ്‌കർ പ്രസംഗം വെട്ടിക്കുറച്ചതിനെ കുറിച്ച് ഗുനീത് മോംഗയും പ്രതികരിക്കുന്നുണ്ട്. ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഗുനീത് മോംഗ ഇതേകുറിച്ച് വ്യക്തമാക്കുന്നത്. ഓസ്‌കര്‍ നേടിയ ശേഷം തന്‍റെ വികാരങ്ങൾ വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ പൂർണമായും അനുവദിക്കാത്തതിൽ താൻ അൽപം അസ്വസ്ഥയാണെന്ന് ഗുനീത് മോംഗ പറഞ്ഞു.