ഉണ്ണി മുകുന്ദൻ നായകനായ 'മേപ്പടിയാൻ' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ വിഷ്‌ണു മോഹൻ ഒരുക്കുന്ന 'കഥ ഇന്നുവരെ' സിനിമയുടെ ചിത്രീകരണം പൂർത്തിയായി. 'മേപ്പടിയാനി'ലൂടെ ദേശീയ അവാർഡ് സ്വന്തമാക്കിയ വിഷ്‌ണു മോഹന്‍റെ രണ്ടാമത്തെ സിനിമയ്‌ക്കായി പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. മലയാളികളുടെ പ്രിയ താരം ബിജു മേനോനാണ് ചിത്രത്തിലെ നായകൻ.
പ്രശസ്‌ത നർത്തകി മേതിൽ ദേവികയാണ് 'കഥ ഇന്നുവരെ' സിനിമയിലെ നായിക. നൃത്ത വേദികളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ മേതിൽ ദേവികയുടെ ആദ്യ സിനിമയാണിത്. നേരത്തെ നിരവധി സിനിമകളിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും അവർ നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ബിജു മേനോന്‍റെ നായികയായുള്ള മേതിൽ ദേവികയുടെ അരങ്ങേറ്റം എങ്ങനെയാകുമെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
അനു മോഹൻ, നിഖില വിമൽ, ഹക്കീം ഷാജഹാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഇവരെ കൂടാതെ അനുശ്രീ, സിദ്ദിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേഷ്, അപ്പുണ്ണി ശശി, കൃഷ്‌ണ പ്രസാദ് തുടങ്ങിയ നീണ്ട താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.
READ ALSO:Biju Menon Vishnu Mohan Film Title 'കഥ ഇന്നുവരെ', ബിജു മേനോന്‍- വിഷ്‌ണു മോഹന്‍ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു
ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഷമീർ മുഹമ്മദ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അശ്വിൻ ആര്യൻ ആണ്. പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ - സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ, പ്രൊജക്‌ട് ഡിസൈനർ - വിപിൻ കുമാർ, സൗണ്ട് ഡിസൈൻ - ടോണി ബാബു, സ്റ്റിൽസ് - അമൽ ജെയിംസ്, ഡിസൈൻസ് - ആനന്ദ് രാജേന്ദ്രൻ, പ്രൊമോഷൻസ് - 10ജി മീഡിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
'ക്ലാസ്സ് - ബൈ എ സോൾജ്യർ' തിയേറ്ററുകളിലേക്ക് : സ്‌കൂൾ വിദ്യാർഥിനി ഒരുക്കുന്ന സിനിമ എന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ ശ്രദ്ധനേടിയ 'ക്ലാസ്സ് - ബൈ എ സോൾജ്യർ' റിലീസിനൊരുങ്ങുന്നു. പ്ലസ് ടു വിദ്യാർഥിനിയായ ചിന്മയി നായർ സംവിധാനം ചെയ്‌ത 'ക്ലാസ്സ് - ബൈ എ സോൾജ്യർ' നവംബർ 24 മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.
READ ALSO:പ്രദർശനത്തിനൊരുങ്ങി സ്‌കൂൾ വിദ്യാർഥിനിയുടെ സിനിമ; 'ക്ലാസ്സ് - ബൈ എ സോൾജ്യർ' തിയേറ്ററുകളിലേക്ക്
മാജിക് ഫ്രെയിംസാണ് വിജയ് യേശുദാസ്, മീനാക്ഷി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. സാഫ്‌നത്ത് പനെയാ ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിജയ് യേശുദാസ് സൈനിക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അപ്പാനി ശരത്, കലാഭവൻ ഷാജോൺ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.