കോളജിലുണ്ടായ ചില സംഭവങ്ങളെ തുടർന്ന് കുറച്ചുദിവസം മാറി നിൽക്കേണ്ടി വന്ന ശങ്കർ, ടൈറ്റസ്, ലക്ഷ്‌മി, മാളവിക എന്നീ മെഡിക്കൽ വിദ്യാർത്ഥികളുടെ കഥ പറയുന്ന 'മായാവനം' റിലീസിനൊരുങ്ങുകയാണ് (Mayavanam movie). ഒറ്റപ്പാലം പി.കെ ദാസ് മെഡിക്കൽ കോളജിലെ പ്രൊഫസർ ജഗത് ലാൽ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം സർവൈവൽ ത്രില്ലർ ജോണറിലാണ്.
പ്രധാന കഥാപാത്രങ്ങളായ നാല് മെഡിക്കൽ വിദ്യാർത്ഥികൾ കോളജിലുണ്ടായ ചില സംഭവങ്ങളെ തുടർന്ന് കുറച്ചുദിവസം മാറി നിൽക്കേണ്ടി വന്നപ്പോൾ ഇതിനായി തെരഞ്ഞെടുത്തത് കാടിനോട് ചേർന്നുള്ള റിസോർട്ടാണ്. ഇവിടേക്ക് പോകുന്ന വഴിയിൽ അവർ മായണ്ണയുടെ (സെന്തിൽ കൃഷ്‌ണ) സംഘവുമായി ഉടക്കുന്നു. എന്നാൽ പിന്നെ അവരുമായി രമ്യതയിലെത്തുന്നു.
റിസോര്‍ട്ടിലെത്തിയ ഇവർ അടുത്ത ദിവസം കാടുകാണാനായി പോവുകയാണ്. കാടുകയറിയ നാലുപേർക്കും പിന്നീട് അനുഭവിക്കേണ്ട വന്ന കാര്യങ്ങളിലേക്കാണ് ചിത്രം പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത്. ചിത്രത്തിന്‍റെ സംഗീതവിഭാഗവും ഡോ ജഗത് ലാൽ ആണ് കൈകാര്യം ചെയ്‌തിരിക്കുന്നത്.
'അപ്പൻ' എന്ന ചിത്രത്തിന് ശേഷം അലൻസിയർ (Alencier Ley Lopez) എന്ന നടന്‍റെ അതിഗംഭീര പ്രകടനമാണ് മായാവനത്തിൽ. മൂന്ന് വേഷപ്പകർച്ചകളും സംഘട്ടനവും അലൻസിയർ ഏറെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. 'മായാവനം' എന്ന ചിത്രത്തിന്‍റെ പൊരുൾ എന്താണെന്ന് പ്രേക്ഷകർ ചിത്രം തിയേറ്ററിൽ കണ്ട് തീരുമാനിക്കേണ്ടതാണ്. പുതിയ തലമുറയിലെ ചെറുപ്പക്കാരോടൊപ്പം അഭിനയിച്ചപ്പോൾ തനിക്ക് ധാരാളം കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചെന്നും നടൻ അലൻസിയർ മാധ്യമങ്ങളോട് പറഞ്ഞു.
ചിത്രം ഒരു സർവൈവൽ ത്രില്ലറാണ്, പക്ഷേ താൻ വളരെ സുഗമമായാണ് അഭിനയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ അനാവശ്യ ചോദ്യങ്ങൾക്ക് താൻ ഇനി ഒരിക്കലും മറുപടി പറയുകയില്ലെന്നും ആർക്കും ഇരയാവാൻ താത്‌പര്യപ്പെടുന്നില്ലെന്നും അലൻസിയർ പറഞ്ഞു. സ്റ്റാൻഡ് അപ്പ് കോമഡി ചെയ്‌ത് പ്രസിദ്ധനായ ഗൗതം ശശി ചിത്രത്തിൽ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഗൗതം ശശിയുടെ കുസൃതികൾ തന്നെ ഏറെ ചിരിപ്പിച്ചതായി താരം പറഞ്ഞു. സംസ്ഥാന സ്‌കൂൾ കലോത്സവത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.