റാണി മരിയയുടെ ജീവിതത്തെ ആസ്‌പദമാക്കി പുറത്തിറങ്ങുന്ന ചിത്രം എറണാകുളം: ആദിവാസികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച് കാലം ചെയ്‌ത സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആസ്‌പദമാക്കി പുറത്തിറങ്ങുന്ന ചിത്രമാണ് 'ഫേസ് ഓഫ് ദി ഫേസ്‌ലെസ്' (Face of the Faceless Movie). വിന്‍സി അലോഷ്യസ് പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്‍റെ മലയാള പരിഭാഷ നവംബർ 17 ന് തിയേറ്ററിൽ എത്തും. ചിത്രത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ നവംബർ 20 ന് ഇറ്റാലിയൻ സബ്ടൈറ്റിലോടുകൂടി മാർപാപ്പയ്ക്ക് മുന്നിൽ പ്രദർശിപ്പിക്കും.
ചിത്രത്തിന്‍റെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും സിറോ മലബാർ സഭ കഴിഞ്ഞ ദിവസം ആദരം നൽകിയിരുന്നു. സിനിമയെക്കുറിച്ച് പ്രശംസിച്ച് സംസാരിക്കവേ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് കർഡിനാല്‍ ആലഞ്ചേരിയാണ് 'ഫേസ് ഓഫ് ദി ഫേസ്‌ലെസ്' റോമിൽ പ്രദർശിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന്‍റെ പ്രിവ്യൂ ഷോ കഴിഞ്ഞദിവസം ബിഷപ്പ് കണ്ടിരുന്നു. വിൻസിയുടെ പ്രകടനത്തെ അദ്ദേഹം വാനോളം പുകഴ്ത്തി.
കാണുന്നവരുടെ ഹൃദയത്തിൽ ചിത്രം ആഴത്തിൽ പതിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ മുഖസാദൃശ്യം ഉള്ളതിനാലാണ് വിൻസിയിലേക്ക് വേഷം എത്തിയത്. ചിത്രം ഒരുക്കിയിരിക്കുന്നത് ഹിന്ദിയിൽ ആണെങ്കിലും. മലയാള പരിഭാഷ 17 ന് കേരളത്തിൽ റിലീസിന് എത്തും. സമൂഹത്തിൽ മുഖം ഇല്ലാതായി പോയ ഒരു ജനതയുടെ മുഖമായി മാറിയ സിസ്റ്റർ റാണി മരിയയുടെ പരിത്യാഗത്തിന്‍റെയും രക്തസാക്ഷിത്വത്തിന്‍റെയും കഥയാണ് ചിത്രം അനാവരണം ചെയ്യുന്നത്.
പ്രൊഫസർ. ഷെയ്‌സൺ ഔസേപ്പ് ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ട്രൈ ലൈറ്റ് ക്രിയേഷൻസിന്‍റെ ബാനറിൽ സാന്ദ്ര ഡിസൂസയാണ് നിർമ്മാണം. ചിത്രം ഇതുവരെ 30ല്‍ പരം അന്തർദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി കഴിഞ്ഞു. മൗണ്ട് സെന്‍റ് തോമസ് കാക്കനാട് വച്ച് നടന്ന പരിപാടിയിൽ വിൻസി അലോഷ്യസ് കൈതപ്രം ദാമോദരൻ നമ്പൂതിരി, നടൻ സിജോയ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
2018 ല്‍ മലയാളത്തിലെ ഒരു സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ടാലന്‍റ് ഹണ്ട് ഷോയിലെ ഫൈനലിസ്‌റ്റായിരുന്നു വിന്‍സി. 2019 ല്‍ പുറത്തിറങ്ങിയ മലയാളം കോമഡി-ഡ്രാമ ചിത്രമായ വികൃതിയാണ് വിന്‍സിയുടെ ആദ്യ സിനിമ. സൗബിന്‍ ഷാഹിറിനൊപ്പമാണ് ചിത്രത്തില്‍ വിന്‍സി വേഷമിട്ടത്. ഭീമന്‍റെ വഴി, കനകം കാമിനി കലഹം, ജനഗണമന എന്നിവയിൽ നിരൂപക പ്രശംസ നേടിയ സുപ്രധാന വേഷങ്ങളിലും വിൻസി അഭിനയിച്ചു. മഞ്ജു വാര്യര്‍ക്കൊപ്പം പരസ്യ ചിത്രത്തിലും അഭിനയിച്ചിരുന്നു. തുടര്‍ന്ന് ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ അവതാരകയായും എത്തിയിരുന്നു.
53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ വിന്‍സി അലോഷ്യസ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. 'രേഖ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ചിത്രത്തിന്‍റെ ടൈറ്റില്‍ കഥാപാത്രമായ രേഖയെ അവതരിപ്പിച്ചിരിക്കുന്നത് വിന്‍സി അലോഷ്യസാണ്.
ALSO READ:'ജയ് ഗണേഷ് വ്യത്യസ്‌തമായ വേഷമാകും'; ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്‍റെ പൂജ നടന്നു