പ്രഖ്യാപന സമയം മുതൽ തന്നെ ഏറെ ശ്രദ്ധനേടിയ തമിഴ് ചിത്രമാണ് 'മാമന്നന്‍' (Maamannan). സംവിധായകന്‍റെ കോളത്തിന് നേരെ തെളിഞ്ഞുകാണുന്ന മാരി സെല്‍വരാജ് (Mari Selvaraj) എന്ന പേര് മാത്രം മതിയാകും സിനിമക്കായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് എത്രത്തോളമാണെന്ന് അളക്കാൻ. ഏതായാലും സിനിമാസ്വാദകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് 'മാമന്നൻ' എത്തുകയാണ്.
നാളെ (ജൂൺ 29) ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദർശനത്തിനെത്തും. സിനിമയില്‍ വടിവേലു (Vadivelu), ഉദയനിധി സ്റ്റാലിൻ (Udhayanidhi Stalin), ഫഹദ് ഫാസിൽ (Fahadh Faasil), കീർത്തി സുരേഷ് (Keerthy Suresh) എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വില്ലനായാണ് മലയാളികളുടെ അഭിമാന താരം ഫഹദ് ഫാസില്‍ ചിത്രത്തില്‍ എത്തുന്നത്.
അടുത്തിടെ അണിയറ പ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിന്‍റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാണികളെ കോരിത്തരിപ്പിക്കുന്ന ട്രെയിലർ അവരെ ആകാംക്ഷയുടെയും അമ്പരപ്പിന്‍റെയും കൊടുമുടിയില്‍ എത്തിച്ചാണ് അവസാനിക്കുന്നത്. തമിഴകത്തെ ഹാസ്യരംഗത്ത് പതിറ്റാണ്ടുകളായി മുടിചൂടാ മന്നനായി തുടരുന്ന വടിവേലുവിന്‍റെ ഇന്നുവരെ കാണാത്ത വേറിട്ട പ്രകടനമാകും മാമന്നനില്‍ ഉണ്ടാവുകയെന്ന് അടിവരയിടുന്നതായിരുന്നു ട്രെയിലർ.
READ ALSO:വടിവേലുവിന്‍റെ 'മാമന്നൻ'; മാരി സെല്‍വരാജ് ചിത്രത്തില്‍ വില്ലനായി ഫഹദ്, കാണാം ട്രെയിലർ
വടിവേലുവിന്‍റെ ഇന്നോളമുള്ള കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാകും 'മാമന്ന'നിലേത് എന്നതിലും തർക്കമുണ്ടാവില്ല. പ്രതി നായക വേഷത്തിലുള്ള ഫഹദിന്‍റെ പ്രകടനവും അസാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കമല്‍ഹാസൻ നായകനായ 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് 'മാമന്നൻ'.