മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ആയിഷ'യുടെ ട്രെയ്‌ലര്‍ ഏറ്റെടുത്ത് ആരാധകര്‍. ശക്തമായ വേഷമാണ് 'ആയിഷ'യില്‍ മഞ്ജു വാര്യര്‍ കാഴ്‌ചവയ്‌ക്കുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. മലയാളത്തില്‍ ഇതാദ്യമായാണ് ഇത്രയും വലിയ കാന്‍വാസില്‍ ഒരു സ്‌ത്രീ കേന്ദ്രീകൃത സിനിമ ഒരുങ്ങുന്നത്.
'ആള്‍ക്കൂട്ടത്തിന്‍റെ കയ്യടികള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോള്‍ മനസ്സിലാക്കാന്‍ ആകണം നമ്മള്‍ ഒന്നും ആരുടെയും ഒന്നുമല്ലെന്ന്'- ട്രെയ്‌ലറിലെ മഞ്ജു വാര്യരുടെ ഈ വാചകം ശ്രദ്ധയാകര്‍ഷിക്കുകയാണ്.
മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ നിര്‍ണായക കഥാപാത്രങ്ങളില്‍ ഒന്നാവും 'ആയിഷ' എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. ഒരേ സമയം മലയാളത്തിലും അറബിയിലുമാണ് ചിത്രം. ഇതിനായി മഞ്ജു വാര്യര്‍ അറബി ഭാഷ പഠിച്ചിരുന്നു.
മഞ്ജുവിനെ കൂടാതെ രാധിക, പൂര്‍ണിമ, സജ്‌ന, സലാമ, ലത്തീഫ, ജെന്നിഫര്‍, സുമയ്യ, സറഫീന, ഇസ്ലാം തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രേത ഭവനം എന്ന് വിശേഷിപ്പിക്കുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാല് നില കൊട്ടാരമാണ് 'ആയിഷ'യുടെ പ്രധാന ലൊക്കേഷന്‍. നീണ്ട ഇടവേളയ്‌ക്ക് ശേഷം റാസല്‍ ഖൈമയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമ കൂടിയാണ് 'ആയിഷ'.
നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സംവിധാനം. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. വിഷ്‌ണു ശര്‍മ ഛായാഗ്രഹണവും അപ്പു എന്‍ ഭട്ടതിരി എഡിറ്റിംഗും നിര്‍വഹിക്കുന്നു. സമീറ സനീഷ് ആണ് വസ്‌ത്രാലങ്കാരം, കല മോഹന്‍ദാസും, ചമയം റോണക്‌സ് സേവ്യറും നിര്‍വഹിക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മാണം.
Also Read:'ആയിഷ'യിലെ ഗാനത്തിന് മഞ്ജു വാര്യരുടെ ഗംഭീര നൃത്തച്ചുവടുകള്‍
ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്‌റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവരാണ് സിനിമയുടെ സഹ നിര്‍മാതാക്കള്‍. മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ജനുവരി 20നാണ് ചിത്രം തിയേറ്ററുകളിലെത്തുക. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുഗു, ഹിന്ദി, കന്നട എന്നീ ഭാഷകളിലും 'ആയിഷ' പ്രദര്‍ശനത്തിനെത്തും.