മഞ്ജു വാര്യരുടെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'തുനിവ്'. സിനിമ മികച്ച രീതിയില്‍ മുന്നേറുമ്പോള്‍ ചിത്രത്തിലെ നായികയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അജിത്തിനൊപ്പം 'തുനിവി'ല്‍ മഞ്ജുവിന്‍റെ പ്രകടനം ആരാധകര്‍ ഏറ്റെടുത്തിരുന്നു.
നൃത്തം മാത്രമല്ല, ആക്ഷന്‍ സീനുകളിലും തനിക്ക് വഴങ്ങുമെന്ന് 'തുനിവി'ലൂടെ മഞ്ജു തെളിയിച്ചു. താന്‍ ആദ്യം പഠിച്ചത് തമിഴ് ആണെന്ന് മഞ്ജു പറയുന്നു. തമിഴ് സിനിമകള്‍ അധികം ചെയ്യാത്തതിനുള്ള കാരണവും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി.
മലയാളത്തിന് മുമ്പ് തമിഴാണ് പഠിച്ചതെന്നും എഴുതാനും വായിക്കാനും സംസാരിക്കാനുമെല്ലാം പഠിച്ചതും തമിഴ് ആണെന്നും നടി വിശദീകരിച്ചു. 'സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ മലയാളം എടുക്കാനുള്ള ഓപ്‌ഷന്‍ രണ്ടാം ക്ലാസിന് ശേഷം ആയിരുന്നു. അതുവരെ ഞാന്‍ തമിഴ് എഴുതിയാണ് പഠിച്ചത്. കൂട്ടുകാര്‍ എല്ലാം തമിഴര്‍ ആയിരുന്നു. ഞാന്‍ ശരിക്കും ഒരു തമിഴത്തി ആയാണ് വളര്‍ന്നത്. അതെനിക്ക് ഭയങ്കര ഇഷ്‌ടമായിരുന്നു' - മഞ്ജു പറഞ്ഞു.
Also Read:'ആള്‍ക്കൂട്ടത്തിന്‍റെ കയ്യടികള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ ആരുടെയും ഒന്നുമല്ലെന്ന് മനസ്സിലാക്കണം'; ആയിഷ ട്രെയ്‌ലര്‍
തമിഴ് ഇഷ്‌ടമാണെങ്കില്‍ എന്തുകൊണ്ട് തമിഴ് സിനിമകള്‍ ചെയ്യുന്നില്ലെന്ന ചോദ്യത്തോടും മഞ്ജു പ്രതികരിച്ചു. 'ഞാന്‍ ആദ്യത്തെ മൂന്ന് വര്‍ഷം അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ സിനിമകള്‍ വന്നിരുന്നു. പക്ഷേ മലയാളത്തില്‍ ബാക്ക് ടു ബാക്കായി സിനിമകള്‍ ചെയ്യുന്നതുകൊണ്ടുതന്നെ ഡേറ്റ് പ്രശ്‌നമായി. പിന്നീട് അഭിനയിച്ച് തുടങ്ങിയപ്പോഴും പലരും ചോദിച്ചിരുന്നു. അപ്പോള്‍ ഡേറ്റ് പ്രശ്‌നമോ അല്ലെങ്കില്‍ കഥ തൃപ്‌തികരമാകാത്തതോ ആയ വിഷയങ്ങള്‍ വന്നു. അവസാനം എല്ലാം കൂടി ഒത്തുവന്നത് അസുരനിലാണ്. അങ്ങനെ തമിഴിലെത്തി. തമിഴില്‍ സിനിമകള്‍ ചെയ്യാതെ ഇരിക്കാന്‍ മറ്റ് കാരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല' - മഞ്ജു വാര്യര്‍ പറഞ്ഞു.
തൃശൂര്‍ ജില്ലയിലെ പുള്ളു ഗ്രാമത്തിലാണ് മഞ്ജു വാര്യരുടെ കുടുംബം സ്ഥിതി ചെയ്യുന്നതെങ്കിലും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ നാഗര്‍കോവിലിലാണ് മഞ്ജു ജനിച്ചത്. അക്കാലത്ത് അച്ഛന്‍ ടി.വി മാധവന്‍ നാഗര്‍കോവിലിലെ ശക്തി ഫിനാന്‍സില്‍ അക്കൗണ്ടന്‍റായി ജോലി ചെയ്‌ത് വരികയായിരുന്നു. നാഗര്‍കോവില്‍ സിഎസ്‌ഐ മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു മഞ്ജു വാര്യര്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ശേഷം അച്ഛന്‍ ജോലി സ്ഥലം മാറിയതോടെ കുടുംബം കണ്ണൂരിലേക്ക് ചേക്കേറി. പിന്നീട് കണ്ണൂരിലെ ചിന്മയ വിദ്യാലയത്തിലും, ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായായിരുന്നു മഞ്ജുവിന്‍റെ പഠനം.