പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ, പ്രേക്ഷകരുടെ പ്രിയപ്പെട്ട മമ്മൂക്ക. 72-ാം വയസിലും യൗവനത്തിന്റെ തുടിപ്പ് ശരീരത്തിലും മനസിലും പേറുന്ന മമ്മൂട്ടി ആർക്കുമൊരു അത്ഭുതം തന്നെയാണ്. തന്റെ സ്റ്റൈലിഷ് ഫോട്ടോകൾ കൊണ്ട് സോഷ്യൽ മീഡിയയെ ആകെ ഇളക്കിമറിക്കാറുണ്ട് മമ്മൂക്ക. ഇപ്പോഴിതാ വീണ്ടും ചില മമ്മൂട്ടി ചിത്രങ്ങളാണ് സൈബറിടത്തെ കീഴടക്കുന്നത്.
മമ്മൂട്ടിയുടെ തന്നെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനിയാണ് താരത്തിന്റെ തകർപ്പൻ ഫോട്ടോകൾ ആരാധകർക്കായി പങ്കുവച്ചത്. വൈശാഖ് സംവിധാനം ചെയ്യുന്ന 'ടർബോ' എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ളതാണ് ഈ സ്റ്റില്ലുകൾ. ഞൊടിയിട കൊണ്ടാണ് മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഫോട്ടോകൾ വൈറൽ ആകാറുളളത്. ആ പതിവ് ഇത്തവണയും തെറ്റിയിട്ടില്ല.
'കണ്ണൂർ സ്ക്വാഡി'ന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് 'ടർബോ'. അതേസമയം 'മൺഡേ സ്പെഷ്യൽ' എന്ന് കുറിച്ചുകൊണ്ടാണ് മമ്മൂട്ടി കമ്പനി ഫോട്ടോകൾ പുറത്തുവിട്ടത്. പ്രിന്റഡ് ഷർട്ട് ധരിച്ച് കൂളിങ് ഗ്ലാസും വച്ച് മാസായാണ് ഫോട്ടോകളിൽ മമ്മൂട്ടി തിളങ്ങുന്നത്. സ്റ്റൈലിഷ് ഔട്ട്ഫിറ്റിനൊപ്പം മമ്മൂട്ടിയുടെ ലുക്കും ചേർന്നതോടെ പ്രേക്ഷകർക്ക് മികച്ച ദൃശ്യ വിരുന്നായി മാറി ഈ ചിത്രങ്ങൾ.
ഫോട്ടോകൾ പുറത്തുവന്നതിന് പിന്നാലെ കമന്റുകളും ലൈക്കുകളുമായി ആരാധകരും പറന്നെത്തി. 'ഞങ്ങളുടെ അഴകിയ രാവണൻ' എന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. 'എന്റെ പൊന്നു മമ്മൂക്ക, ആശാന്റെ മുഖത്തിരിക്കുന്ന കറുത്ത കണ്ണട എനിക്ക് തരോ, ഇക്കാ എന്ന് മാറ്റി ചെക്കാ എന്ന് വിളിക്കേണ്ടി വരുമല്ലോ' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.