'കണ്ണൂർ സ്‌ക്വാഡ്', 'കാതൽ ദി കോർ' എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന പുതിയ സിനിമയാണ് 'ടർബോ'. മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഈ മാസ് ആക്ഷൻ കൊമേഴ്‌സ്യല്‍ ചിത്രം 70 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. വൈശാഖാണ് 'ടർബോ' സംവിധാനം ചെയ്യുന്നത്.
വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന്‍റെ ലൊക്കേഷൻ വീഡിയോ ലീക്കായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 'ടർബോ'യിലെ ഫൈറ്റ് രംഗങ്ങളുടെ വീഡിയോയാണ് പുറത്തുവന്നത്. സമൂഹ മാധ്യമങ്ങളിലാകെ വീഡിയോ ചർച്ചാവിഷയമായിക്കഴിഞ്ഞു (Mammootty starrer Turbo).
വിയറ്റ്നാം ഫൈറ്റേഴ്‌സിനെയാണ് വീഡിയോയിൽ കാണുന്നത്. ഒരു മലയാള സിനിമയ്‌ക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേഴ്‌സ് എത്തുക എന്നത് തികച്ചും അപൂർമായൊരു കാഴ്‌ചയായതിനാൽ തന്നെ ആരാധകരും ഏറെ ആവേശത്തിലാണ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുഗു നടൻ സുനിലും ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട് (Turbo movie Location video leaked).
സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. 'ഓസ്‌ലർ', 'ഗരുഡൻ', ഫീനിക്‌സ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മിഥുന്‍ മാനുവൽ തിരക്കഥ ഒരുക്കുന്ന സിനിമ എന്ന നിലയിലും 'ടര്‍ബോ' ശ്രദ്ധയാകർഷിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമ കൂടിയാണ് 'ടർബോ'. 'നന്‍പകല്‍ നേരത്ത് മയക്കം', 'റോഷാക്ക്', 'കണ്ണൂര്‍ സ്‌ക്വാഡ്', 'കാതല്‍' എന്നിവയാണ് മമ്മൂട്ടി കമ്പനി ഒരുക്കിയ മറ്റ് സിനിമകൾ.
അതേസമയം പ്രേക്ഷകർ ആഗ്രഹിക്കുന്ന രീതിയിലുള്ള അത്യുഗ്രൻ മാസ് ആക്ഷൻ ചിത്രമായിരിക്കും 'ടർബോ' എന്ന് മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രം ഒരു ആക്ഷന്‍ - കോമഡി സിനിമ ആയിരിക്കുമെന്ന് തിരക്കഥാകൃത്തായ മിഥുന്‍ മാനുവല്‍ തോമസും പറഞ്ഞിരുന്നു. ഏതായാലും പോയ വർഷം മികച്ച സിനിമകൾ സമ്മാനിച്ച മമ്മൂട്ടി പുതുവർഷത്തിലും നിരാശരാക്കില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അടുത്തിടെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന മമ്മൂട്ടി ആയിരുന്നു പോസ്റ്ററിൽ (Mammootty starrer Turbo movie First Look Poster). ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി 'ടർബോ'യിൽ അവതരിപ്പിക്കുന്നത്. കറുത്ത ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ചാണ് പോസ്റ്ററിൽ 'ജോസ്' പ്രത്യക്ഷപ്പെട്ടത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് 'ടർബോ'.
വിഷ്‌ണു ശർമ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റർ ഷമീർ മുഹമ്മദാണ്. ജസ്റ്റിൻ വർഗീസാണ് ടർബോയുടെ സംഗീത സംവിധായകൻ. പ്രൊഡക്ഷൻ ഡിസൈന്‍ - ഷാജി നടുവേൽ, കോ ഡയറക്‌ടർ - ഷാജി പാദൂർ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, കോസ്റ്റ്യൂം ഡിസൈനർ - സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ് - റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രാജേഷ് ആർ കൃഷ്‌ണൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ALSO READ:ഇതാ ജോസ്, മാസ് ലുക്കില്‍ വിറപ്പിക്കാൻ മമ്മൂട്ടി ; ശ്രദ്ധനേടി 'ടർബോ' ഫസ്റ്റ് ലുക്ക് പോസ്റ്റർ