പതിറ്റാണ്ടുകൾക്കിപ്പുറവും സിനിമാസ്വാദകർക്ക് പുതുമയാർന്ന ചിത്രങ്ങളും ഭാവ പ്രകടനങ്ങളും സമ്മാനിക്കുന്ന മലയാളത്തിന്‍റെ മഹാനടനാണ് മമ്മൂട്ടി. സമീപകാലത്ത് പുറത്തിറങ്ങിയ 'റോഷാക്ക്', 'നൻപകൽ നേരത്ത് മയക്കം', 'കണ്ണൂർ സ്‌ക്വാഡ്' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്‍റെ ഈ അഭിനയ കുലപതി തെല്ലൊന്നുമല്ല സിനിമാലോകത്തെ രസിപ്പിച്ചത്. ആ നടനിൽ നിന്നും ഉറവ വറ്റാതെ ഇനിയും എത്രയോ കഥാപാത്രങ്ങളാണ് വരാനുള്ളത്.
അത്തരത്തിൽ മമ്മൂട്ടി നായകനായെത്തുന്ന ചിത്രങ്ങളിലൊന്നാണ് 'ഭ്രമയുഗം'. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയത് മുതൽ തന്നെ പ്രേക്ഷകർ ഏറെ ആവേശത്തിലാണ്. ആദ്യ കാഴ്‌ചയിൽ തന്നെ കാണികളിൽ അത്ഭുതവും ആകാംക്ഷയും ഒരുപോലെ ഉണർത്തിയ പോസ്റ്ററായിരുന്നു അത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി അറിയിച്ചിരിക്കുകയാണ് നിർമാതാക്കൾ.
സമൂഹ മാധ്യമങ്ങളിലൂടെയാണ് 'ഭ്രമയുഗ'ത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതായി നിർമാണ കമ്പനിയായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് അറിയിച്ചത്. ഓഗസ്റ്റ് 17ന് ആരംഭിച്ച ചിത്രീകരണത്തിനാണ് ഇപ്പോൾ തിരശീല വീണിരിക്കുന്നത്. കൊച്ചിയും ഒറ്റപ്പാലവും ആതിരപ്പള്ളിയുമായിരുന്നു ചിത്രത്തിന്‍റെ പ്രാധാന ലൊക്കേഷനുകൾ.
നിലവിൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 2024ന്‍റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. ഭ്രമമയുഗത്തിന്‍റെ മാർക്കറ്റിംഗ് ക്യാമ്പയിൻ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഉടൻ ആരംഭിക്കുമെന്നാണ് വിവരം.