'ബസൂക്ക'യുടെ ഫസ്‌റ്റ് ലുക്കുമായി മലയാളികളുടെ സ്വന്തം അഹങ്കാരമായ മെഗാസ്‌റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടി തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്‍റെ പുതിയ ചിത്രമായ 'ബസൂക്ക'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തത്. പോണി ടെയില്‍ ഹെയര്‍ സ്‌റ്റൈലില്‍ കൂളിങ് ഗ്ലാസും ധരിച്ച് ഒരു ആഡംബര ബൈക്കിനരികില്‍ സ്‌റ്റൈലായി നില്‍ക്കുന്ന മമ്മൂട്ടിയെയാണ് ഫസ്‌റ്റ് ലുക്കില്‍ കാണാനാവുക.
ഫസ്‌റ്റ് ലുക്കിനൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. 'ബസൂക്കയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ അവതരിപ്പിക്കുന്നു! രചനയും സംവിധാനവും ഡീനൊ ഡെന്നിസ്. സരിഗയും, തിയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നാണ് നിര്‍മാണം.' - ഇപ്രകാരം കുറിച്ച് കൊണ്ടാണ് മമ്മൂട്ടി 'ബസൂക്ക'യുടെ ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ പോസ്‌റ്റിന് പിന്നാലെ ആരാധകരുടെ അഭിനന്ദന കമന്‍റുകള്‍ ഒഴുകിയെത്തി. 'തീ പിടിപ്പിക്കാനുള്ള വരവാ... അല്ലേ മമ്മൂക്ക' - എന്ന് ഒരു ആരാധകന്‍ കുറിച്ചു. 'സംഭവം ഇറുക്ക്, മലയാള സിനിമയിൽ കണ്ട് പരിചയം ഇല്ലാത്ത പുതിയ സബ്‌ജക്‌ട് തന്നെ എന്ന് ഉറപ്പിക്കാം' - മറ്റൊരു ആരാധകര്‍ കുറിച്ചു.
'മലയാളത്തിലെ ആദ്യ 200 കോടിക്കുള്ള വരവാണ്', 'ദ ഗ്രേറ്റ് ഫാദറിനും ഭീഷ്‌മയ്ക്കും ശേഷം കണ്ട നല്ല സ്‌റ്റൈലന്‍ ലുക്ക്... അല്ലെ ഈ 71 വയസിലും ഇതിയാന്‍റെയൊരു സ്‌റ്റൈലെ' - ഇങ്ങനെ നീണ്ടു പോകുന്നു ആരാധകരുടെ കമന്‍റുകള്‍. അതേസമയം പോസ്‌റ്റിന് താഴെ ഗുസ്‌തി താരങ്ങളുടെ കാര്യത്തില്‍ മമ്മൂട്ടി എന്തെങ്കിലും ഒന്ന് പ്രതികരിക്കണമെന്നും ഒരു കൂട്ടര്‍ കമന്‍റ് ചെയ്‌തിട്ടുണ്ട്.
പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ ചിത്രമാണ് 'ബസൂക്ക'. സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ ഫസ്‌റ്റ് ലുക്കും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Also Read:അല്‍പം ഗൗരവത്തില്‍ മമ്മൂട്ടിയും ജ്യോതികയും; കാതല്‍ സെക്കന്‍ഡ് ലുക്ക് ശ്രദ്ധേയം
അടുത്തിടെ എറണാകുളത്ത് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. നേരത്തെ പുറത്തിറങ്ങിയ 'ബസൂക്ക'യുടെ ടൈറ്റില്‍ പോസ്‌റ്ററും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സ്യൂട്ട് ധരിച്ച് കൈകളുടെ പിറകില്‍ തോക്ക് ഒളിപ്പിച്ച് ശാന്തനായി നില്‍ക്കുന്ന മമ്മൂട്ടിയെയാണ് ടൈറ്റില്‍ പോസ്‌റ്ററില്‍ കാണാനാവുക. കൈയില്‍ തോക്കുണ്ടെങ്കിലും തോക്കിന്‍ മുനയില്‍ നില്‍ക്കുന്ന നായകനെയാണ് ടൈറ്റില്‍ പോസ്‌റ്ററില്‍ കാണാനായത്.
വിവേകികളുടെ ഗെയിം കൂടിയാണ് 'ബസൂക്ക'യുടെ കഥ എന്നാണ് ചിത്രത്തെ കുറിച്ച് മമ്മൂട്ടി മുമ്പൊരിക്കല്‍ പറഞ്ഞത്. 'ആസ്വാദകരെ അമ്പരപ്പിക്കുന്ന ഒരു തിരക്കഥ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ട്. ഒരു ആക്ഷന്‍ ചിത്രമാണ് ബസൂക്ക. വിവേകികളുടെ ഗെയിം കൂടിയാണ് ഈ കഥ. കൂടാതെ, ശക്തമായി ചിത്രീകരിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ഉണ്ട്. വളരെ നന്നായി ഒരുക്കിയ തിരക്കഥയാണിത്. ബസൂക്കയിലെ എന്‍റെ കഥാപാത്രം എന്നെ വളരെ രസകരമായ ഒരു യാത്രയിലേക്ക് കൊണ്ടു പോകുമെന്ന് ഉറപ്പാണ്' - ഇപ്രകാരമായിരുന്നു സിനിമയെ കുറിച്ചുള്ള മമ്മൂട്ടിയുടെ പ്രതികരണം.
നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോന്‍, ഷൈൻ ടോം ചാക്കോ എന്നിവരും 'ബസൂക്ക'യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. നിമിഷ് രവി ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങും നിര്‍വഹിക്കും. മിഥുൻ മുകുന്ദനാണ് സംഗീതം. തിയേറ്റർ ഓഫ് ഡ്രീംസ്, സരിഗമ എന്നീ ബാനറുകളിൽ ജിനു വി എബ്രഹാം, സിദ്ധാർഥ് ആനന്ദ് കുമാർ, ഡോൾവിൻ കുര്യാക്കോസ്, വിക്രം മെഹ്ര എന്നിവർ ചേര്‍ന്നാണ് നിര്‍മാണം.
നവാഗതനായ ഡീനൊ ഡെന്നിസാണ് സിനിമയുടെ രചനയും സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'എന്നിട്ടും', 'ഒറ്റനാണയം' തുടങ്ങി സിനിമകളിൽ ഡീനൊ ഡെന്നിസ് അഭിനയിച്ചിട്ടുണ്ട്. പ്രശസ്‌ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്‍റ മകനാണ് ഡീനൊ ഡെന്നിസ്. സംവിധായകൻ ജോഷിയുമായി സഹകരിച്ച് കലൂര്‍ ഡെന്നിസ് നിരവധി സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. മമ്മൂട്ടിയുടെ 'ആ രാത്രി', 'പ്രതിജ്ഞ', 'സന്ദർഭം', 'ഇടവേളയ്ക്ക് ശേഷം', 'അലകടലിനക്കരെ', 'കൂട്ടിനിളംകിളി', 'മലരും കിളിയും', തുടങ്ങി നിരവധി ചിത്രങ്ങളുടെ തിരക്കഥകള്‍ കലൂര്‍ ഡെന്നിസ് നിര്‍വഹിച്ചിട്ടുണ്ട്.
Also Read:'എന്‍റെ ഉമ്മ പാവമായിരുന്നു, സിനിമയില്‍ ആരെങ്കിലും എന്നെ അടിച്ചാല്‍ ഉമ്മയുടെ കണ്ണ് നിറയും': ഉമ്മയെ കുറിച്ച് മമ്മൂട്ടി