മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അടുത്തിടെ പുറത്തുവന്ന 'റോഷാക്ക്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ തരംഗമായിരുന്നു. 'കെട്ട്യോളാണ് എന്‍റെ മാലാഖ' സിനിമയുടെ വിജയത്തിന് ശേഷം സംവിധായകന്‍ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റോഷാക്ക്'. നിഗൂഢതകള്‍ നിറഞ്ഞ സിനിമയുടെ ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറി. സൈക്കോ ത്രില്ലര്‍ സ്വഭാവമെന്ന് തോന്നിക്കുന്ന ഫസ്‌റ്റ് ലുക്കായിരുന്നു റോഷാക്ക് സിനിമയുടെതായി വന്നത്.
എന്നാല്‍ ചിത്രത്തിലെ തന്‍റെ റോള്‍ സൈക്കോ കഥാപാത്രമല്ലെന്ന് അടുത്തിടെ ഒരഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിരുന്നു. 'സൈക്കോ ട്രീറ്റ്‌മെന്‍റാണ് ചിത്രത്തിലുളളത്. അത്രയേയുളളൂ. സിനിമയിലെ കഥ വേറെയാണ്. ഇതുമായിട്ട് കണക്‌ട് ചെയ്‌ത് നോക്കേണ്ടതുണ്ട്. സിനിമയുടെ ഉളളടക്കത്തെ കുറിച്ച് ഈ ഘട്ടത്തില്‍ കൂടുതല്‍ പറയാനാകില്ലെന്നുമാണ്' മമ്മൂട്ടി പറഞ്ഞത്.
'റോഷാക്ക്' ഫസ്റ്റ് ലുക്ക് പോസ്റ്ററിനായി നടത്തിയ ഫോട്ടോഷൂട്ടിന്‍റെ മേക്കിങ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടി തന്നെയാണ് ഇതിന്‍റെ വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചത്. വീഡിയോയില്‍ മമ്മൂട്ടിക്കൊപ്പം ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരെയും കാണാം.