കുസാറ്റ് ക്യാമ്പസിൽ നടന്ന ദുരന്തത്തിന്‍റെ ഞെട്ടലിലാണ് കേരളക്കര. നാലുപേരുടെ ജീവനെടുത്ത ദുരിന്തത്തിൽ നിരവധി പേരാണ് ആശ്വാസ വാക്കുകളുമായി രംഗത്ത് എത്തുന്നത്. ഈ അവസരത്തിൽ നടൻ മമ്മൂട്ടിയും മോഹൻലാലും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകൾ ശ്രദ്ധനേടുകയാണ് (mammootty mohanlal reaction on cusat tragedy kochi).
കുസാറ്റ് ക്യാമ്പസിൽ നടന്നത് ഹൃദയഭേദകമായ അപകടമാണെന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. 'കൊച്ചിയിലെ കുസാറ്റ് കാമ്പസിൽ നടന്ന അപകടം ഹൃദയഭേദകമാണ്. ഈ നിമിഷത്തിൽ എന്‍റെ ചിന്തകൾ ദുഃഖിതരുടെ കുടുംബത്തോടൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു'- മമ്മൂട്ടി കുറിച്ചു.
കുസാറ്റിലെ അപകടത്തിൽ മരിച്ചവർക്ക് മോഹൻലാലും അനുശോചനം രേഖപ്പെടുത്തി. 'കുസാറ്റിലെ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്‌ടപ്പെട്ട വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ വിദ്യാർഥികൾ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു'- മോഹൻലാൽ പോസ്റ്റ് ചെയ്‌തു.
പ്രശസ്‌ത ഗായിക നിഖിത ഗാന്ധിയും സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഹൃദയം തകർന്നു എന്നാണ് സമൂഹ മാധ്യമങ്ങളിൽ നിഖിത കുറിച്ചത്. സംഭവ ദിവസം നിഖിതയുടെ ഗാനമേളയായിരുന്നു കുസാറ്റിൽ നടക്കേണ്ടിയിരുന്നത്. 'കൊച്ചിയിൽ നടന്ന സംഭവത്തിൽ ഹൃദയം തകർന്നിരിക്കുന്നു. ഞാൻ വേദിയിലേക്ക് പോകുന്നതിന് മുമ്പാണ് ഇത്തരമൊരു ദൗർഭാഗ്യകരമായ സംഭവം നടന്നത്'- നിഖിത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കുസാറ്റിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് വിദ്യാർഥികളടക്കം നാലുപേർ മരണപ്പെട്ടത്. ടെക് ഫെസ്റ്റിന്‍റെ ഭാഗമായി നിഖിതയുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടി നടക്കാനിരിക്കെ ആയിരുന്നു അപകടം. അപ്രതീക്ഷിതമായി പെയ്‌ത മഴയിൽ പുറത്തുനിന്നും നിരവധി പേര്‍ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചു കയറിയതാണ് വൻ ദുരന്തത്തിന് വഴിവച്ചത്. നിരവധി പേർക്ക് തിക്കിലും തിരക്കിലും പരിക്കേറ്റിരുന്നു. അതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ശനിയാഴ്‌ച രാത്രി ഏഴര മണിയോടെയാണ് കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (കുസാറ്റ്) ദാരുണമായ അപകടം നടന്നത്. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, വടക്കന്‍ പറവൂര്‍ സ്വദേശി ആന്‍ റുഫ്‌ത, താമരശ്ശേരി സ്വദേശി സാറ തോമസ്, സുഹൃത്തിനൊപ്പം കുസാറ്റ് മേള കാണാനെത്തിയെ പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്.
ഓഡിറ്റോറിയത്തിൽ വിദ്യാർഥികളുടെ തിരക്ക് കൂടിയതിനാൽ പ്രവേശന വാതിൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഓഡിറ്റോറിയത്തിന് പുറത്ത് നിരവധി പേർ തടിച്ചുകൂടി നിന്നിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി മഴ പെയ്‌തതോടെ പുറത്തുനിന്നും നിരവധി പേര്‍ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു.
അതേസമയം കുസാറ്റിലെ അപകടത്തിലേക്ക് നയിച്ചത് മഴയല്ല മറിച്ച് സുരക്ഷാവീഴ്ചയെന്നാണ് നാട്ടുകാർ പറയുന്നത്. തിരക്ക് നിയന്ത്രിക്കാൻ സുരക്ഷാജീവനക്കാരോ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോ ഉണ്ടായിരുന്നില്ലെന്നും സംഘാടകരായ വിദ്യാർഥികൾക്കും കുസാറ്റ് അധികൃതർക്കും വീഴ്ച പറ്റിയെന്നുമാണ് നാട്ടുകാർ ഇ.ടി.വി ഭാരതിനോട് പറയുന്നത്. വിദ്യാർഥികളും സമാന അഭിപ്രായവുമായി രംഗത്തെത്തുന്നുണ്ട്.
READ MORE:മഴയല്ല, കുസാറ്റിലെ അപകടത്തിലേക്ക് നയിച്ചത് സുരക്ഷാവീഴ്ചയെന്ന് നാട്ടുകാർ