'ദിഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമയിലൂടെ പ്രേക്ഷകമനം കീഴടക്കിയ ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം കാതൽ റിലീസിനൊരുങ്ങുന്നു. മമ്മൂട്ടിക്കൊപ്പം തെന്നിന്ത്യയുടെ പ്രിയ താരം ജ്യോതിക അഭിനിയിക്കുന്ന കാതൽ നവംബർ 23ന് തിയേറ്ററുകൾ കീഴടക്കാനെത്തും. കാതലിന്‍റെ പ്രൊമോഷൻ തിരിക്കുകളിലാണ് സിനിമയുടെ അണിയറ പ്രവർത്തകർ.
'കാതൽ' എന്ന പേര് ആദ്യം തനിക്ക് ഇഷ്‌ടപ്പെട്ടിരുന്നില്ലെന്ന് സംവിധായകൻ ജിയോ ബേബി മാധ്യമങ്ങളോട് മനസുതുറന്നു. എല്ലാത്തരം കഥകളും കേൾക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. എന്‍റെ തിരക്കഥയിൽ മാത്രം സിനിമയൊരുക്കുക എന്നുള്ള നിർബന്ധമൊന്നുമില്ല. കാതലിന്‍റെ തിരക്കഥയുമായി ആദർശും പോൾസണും എന്നെ തേടിയെത്തുമ്പോൾ ചിത്രത്തിന്‍റെ പേരായ കാതൽ എനിക്ക് ഇഷ്‌ടപ്പെട്ടിരുന്നില്ല.
പിന്നീടാണ് ആ പേരിന് ഉൾകാമ്പ് എന്നുകൂടി അർഥം ഉണ്ടെന്നും കഥയിലെ പല സന്ദർഭങ്ങളുമായി പേരിന് അനുയോജ്യ സ്ഥാനം ഉണ്ടെന്ന് മനസിലാക്കുന്നതും'- ജിയോ ബേബി പറഞ്ഞു. കാതൽ എന്ന പേര് പ്രണയം എന്ന് മാത്രം തെറ്റിദ്ധരിക്കപ്പെടുന്നതിന് കാരണം പ്രേക്ഷകർ തമിഴ് സിനിമ കൂടുതലായി കാണുന്നത് കൊണ്ടാണെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു.
കാതൽ എന്ന ചിത്രം മമ്മൂട്ടി എന്ന നടനു മാത്രം അനുയോജ്യമായ ഒന്നല്ല.
പക്ഷേ മമ്മൂട്ടി ഈ കഥാപാത്രം ചെയ്‌താൽ മികച്ചതായിരിക്കുമെന്ന് ഒരു ധാരണയുണ്ടായിരുന്നെന്ന് സംവിധായകൻ പറഞ്ഞു. തനിക്കുവേണ്ടി ഒരു ചിത്രം ചെയ്യണമെന്ന് ആന്‍റോ ജോസഫ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് 'കാതലി'നു വേണ്ടി മമ്മൂട്ടിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഥ കേട്ട മാത്രയിൽ തന്നെ മമ്മൂട്ടിക്ക് ഇഷ്‌ടമാവുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മമ്മൂട്ടി കമ്പനിക്കൊപ്പം മലയാളത്തിൽ ഒരു ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് വളരെയധികം സന്തോഷം നൽകുന്നുവെന്ന് ജ്യോതിക പറഞ്ഞു. കഴിഞ്ഞയാഴ്‌ചയാണ് മമ്മൂട്ടി അഭിനയിച്ച 'കണ്ണൂർ സ്‌ക്വാഡ്' എന്ന ചിത്രം കാണാനിടയായത്. മലയാള സിനിമ എത്രത്തോളം വളർന്നിരിക്കുന്നു എന്ന് ആ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ മനസിലാക്കാം.
കാതൽ എന്ന ചിത്രത്തിന്‍റെ കഥ കേട്ടപ്പോൾ തന്നെ വല്ലാതെ ഇഷ്‌ടപ്പെട്ടു. കരിയറിൽ ഉടനീളം ധാരാളം നടന്മാരുമായി വർക്ക് ചെയ്‌തിട്ടുണ്ടെങ്കിലും മമ്മൂട്ടി എന്ന പ്രതിഭ അത്ഭുതപ്പെടുത്തിയെന്നും ജ്യോതിക പറഞ്ഞു. കരിയറിന്‍റെ ഈ ഘട്ടത്തിലും പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരം മികച്ച കഥാപാത്രങ്ങൾ മമ്മൂക്ക ചെയ്യുന്നത് മറ്റുള്ളവർക്കും മാതൃകാപരമാണ്.
മമ്മൂട്ടിയോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് ഭാഗ്യമായാണ് കരുതുന്നത്. എന്‍റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് ജിയോ ബേബി. അദ്ദേഹത്തിന്‍റെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ അത്രമേൽ ഇഷ്‌ടമായ സിനിമയാണ്. മലയാള സിനിമ ആശയപരമായി എത്രത്തോളം മുന്നിട്ടുനിൽക്കുന്നു എന്ന് ആ ചിത്രം മനസിലാക്കി തന്നു. ഒരു സംവിധായകന്‍റെ ചിത്രം എന്ന ലേബൽ എങ്ങനെയായിരിക്കണം എന്നുള്ള ഉത്തമ ഉദാഹരണം കൂടിയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ.