75th Anniversary of Independence: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഏറ്റെടുത്ത് മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും. താരത്തിന്‍റെ കൊച്ചിയിലെ വീട്ടിലാണ് അദ്ദേഹം ദേശീയ പതാക ഉയര്‍ത്തിയത്. ഭാര്യ സുല്‍ഫത്ത്, നിര്‍മാതാക്കളായ ആന്‍റോ ജോസഫ്, എസ്. ജോര്‍ജ്, സ്‌റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമാണ് താരം പതാക ഉയര്‍ത്തിയത്.
Mohanlal hoisted National Flag: കൊച്ചി എളമക്കരയിലെ വീട്ടില്‍ മോഹന്‍ലാലും ദേശീയ പതാക ഉയര്‍ത്തിയിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വം പങ്കുചേരുന്നുവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഹര്‍ ഘര്‍ തിരംഗ എന്ന പ്രധാനമന്ത്രിയുടെ പദ്ധതി എല്ലാ പൗരന്‍മാരും വീടുകളില്‍ പതാക ഉയര്‍ത്തി കൊണ്ട് ഒരു ആഹ്വാനമായി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തിന്‍റെ പുരോഗതിക്കും രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാനും എല്ലാം ഈ മഹോത്സവത്തിന് സാധിക്കട്ടെ എന്നും താരം പറഞ്ഞു.
ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ വീടുകളില്‍ മൂന്ന് ദിവസം പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. വീടുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാ ഇടങ്ങളിലും ഓഗസ്‌റ്റ് 15 വരെ ഹര്‍ ഘര്‍ തിരംഗ് ആഘോഷത്തിന്‍റെ ഭാഗമായി പതാക ഉയരും. എല്ലാ ഇന്ത്യക്കാരോടും ദേശീയ പതാക പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കാനും നരേന്ദ്ര മോദി നേരത്തെ ആഹ്വാനം ചെയ്‌തിരുന്നു. ഓഗസ്‌റ്റ് 13 മുതല്‍ 15 വരെയാണ് ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചത്.