കേരളം

kerala

ETV Bharat / entertainment

തിയേറ്ററുകളില്‍ റോഷാക്ക് തരംഗം; മൂന്ന് ദിവസം കൊണ്ട് നേടിയത് കോടികള്‍, അഭിനന്ദനവുമായി ആന്‍റോ ജോസഫ് - Mammootty new movie Rorschach

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്‌ത റിവഞ്ച് ത്രില്ലര്‍ ചിത്രമാണ് റോഷാക്ക്. ഒക്‌ടോബര്‍ 7ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മൂന്നു ദിവസം കൊണ്ട് നേടിയത് 9.75 കോടി രൂപയുടെ കലക്ഷനാണ്

Rorschach box office collection  Mammootty film Rorschach box office collection  Mammootty  Rorschach  റോഷാക്ക്  ആന്‍റോ ജോസഫ്  മമ്മൂട്ടി  Anto Joseph  നിസാം ബഷീര്‍  Nisam Basheer  മമ്മൂട്ടി കമ്പനി  ഗ്രേസ് ആന്‍റണി  Grace Antony
തിയേറ്ററുകളില്‍ റോഷാക്ക് തരംഗം; മൂന്ന് ദിവസം കൊണ്ട് നേടിയത് കോടികള്‍, അഭിനന്ദവുമായി ആന്‍റോ ജോസഫ്

By

Published : Oct 10, 2022, 12:27 PM IST

Updated : Oct 10, 2022, 1:17 PM IST

മമ്മൂട്ടിയുടെ റിവഞ്ച് ത്രില്ലര്‍ ചിത്രം റോഷാക്ക് വന്‍ വിജയത്തിലേക്ക്. പ്രദര്‍ശനത്തിന് എത്തി മൂന്ന് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം റോഷാക്ക് നേടിയത് 9.75 കോടി രൂപയാണ്. നിസാം ബഷീര്‍ സംവിധാനം ചെയ്‌ത് മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മിച്ച ചിത്രം കൂടിയാണ് റോഷാക്ക്.

ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് നിര്‍മാതാവ് ആന്‍റോ ജോസഫ്. നല്ല സിനിമകള്‍ ഉണ്ടായാല്‍ തിയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ ആവേശത്തോടെ ഇരമ്പിച്ചെല്ലും എന്ന് തെളിയിക്കാന്‍ റോഷാക്കിന് കഴിഞ്ഞു എന്ന് ആന്‍റോ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്‍റെ പൂര്‍ണ രൂപം: എറണാകുളം എം.ജി റോഡിലൂടെ ഇടതിങ്ങി നീങ്ങുന്ന വാഹനങ്ങളുടെ വീഡിയോയും മലയാള സിനിമയും തമ്മിൽ എന്ത് ബന്ധം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് 'റോഷാക്ക്'. ഒരു കാലത്ത് ഗതാഗതക്കുരുക്ക് പതിവ് കാഴ്‌ചയായിരുന്ന ഈ പാതയിൽ പുതിയ വഴികളുടെ വരവോടെ തിരക്കൊഴിഞ്ഞു. വെള്ളിയാഴ്‌ച മുതൽ എം.ജി റോഡ് ഏതോ ഭൂതകാല ദൃശ്യത്തിലെന്നോണം സ്‌തംഭിക്കുന്നതിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

തിയേറ്ററുകൾ ഒന്നിലധികമുണ്ട് എം.ജി റോഡിന്‍റെ ഓരത്ത്. അവിടെയെല്ലാം ഇപ്പോൾ പ്രദർശിപ്പിക്കുന്നത് 'റോഷാക്ക്' ആണ്. അതു തന്നെയാണ് തിരക്കിന്‍റെ കാരണവും. എം.ജി റോഡിനെ പ്രതീകമായെടുത്താൽ തിരക്കൊഴിഞ്ഞ പലയിടങ്ങളെയും ആൾസാന്നിധ്യം കൊണ്ട് ഉണർത്തുകയാണ് ഈ സിനിമയെന്നു പറയാം.

നമ്മുടെ തിയേറ്ററുകൾ വീണ്ടും നിറഞ്ഞു തുളുമ്പുകയാണ്. മനസ് നിറയ്ക്കുന്ന കാഴ്‌ച വരിനിൽക്കുന്നവരുടെ ബഹളവും വാഹനങ്ങളുടെ തിരക്കും ഹൗസ്‌ഫുൾ ബോർഡുകളുമെല്ലാമായി മലയാള സിനിമ നഷ്‌ടപ്രതാപം തിരിച്ചുപിടിക്കുന്ന കാഴ്‌ച. പാതിരാവും കടന്ന് നീളുന്ന അധിക ഷോകളുമായി രാത്രികൾ പകലാകുന്ന കാഴ്‌ച.

സിനിമ ഒരുമയുടെയും സന്തോഷത്തിന്‍റെയും ആഘോഷത്തിന്‍റെയും കൂടാരമൊരുക്കുന്ന കാഴ്‌ച. മൂന്നു ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രമായി 'റോഷാക്ക്' നേടിയ ഗ്രോസ് കലക്ഷൻ 9.75 കോടിയാണ്. നല്ല സിനിമകൾ ഉണ്ടായാൽ തിയേറ്ററുകളിലേക്ക് പ്രേക്ഷകർ ആവേശത്തോടെ ഇരമ്പിച്ചെല്ലും എന്ന് ഒരിക്കൽക്കൂടി തെളിയിക്കാൻ 'റോഷാക്കി'ന് കഴിഞ്ഞു.

ഇതിന് നമ്മൾ നന്ദി പറയേണ്ടത് മമ്മൂക്കയെന്ന മഹാ മനുഷ്യനോടാണ്. ഇങ്ങനെയൊരു സിനിമ നിർമിക്കാൻ കാണിച്ച ധൈര്യത്തിന്.. അത് പ്രേക്ഷകർക്ക് പുതിയ അനുഭവമായിരിക്കുമെന്ന് മുന്നേ അറിഞ്ഞ ഉൾക്കാഴ്‌ചയ്ക്ക്.. സർവോപരി ഓരോ നിമിഷത്തിലും ഞെട്ടിക്കുന്ന അത്‌ഭുതാഭിനയത്തികവിന്... ഒരു ഇമയനക്കലിൽ, ചുണ്ടറ്റത്ത് വിരിയിക്കുന്ന ചിരിയിൽ, എന്തിന്.. പല്ലിടകൾക്കിടയിൽ നിന്നു പോലും തെളിഞ്ഞു വരികയാണ് മമ്മൂട്ടി എന്ന നടൻ.

അത് കണ്ടുതന്നെ അറിയേണ്ട അനുഭവമാണ്. 'റോഷാക്ക്' വിജയിക്കുമ്പോൾ മമ്മൂക്കയിലൂടെ മലയാള സിനിമയും ഒരിക്കൽക്കൂടി വിജയിക്കുന്നു. നന്ദി, പ്രിയ മമ്മൂക്ക.. ഒപ്പം ഈ സിനിമയിലെ എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ..

കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‌ത ചിത്രമാണ് റോഷാക്ക്. ഒക്‌ടോബര്‍ 7നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ലൂക്ക് ആന്‍റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി റോഷാക്കില്‍ പ്രത്യക്ഷപ്പെട്ടത്. നടന്‍ ആസിഫ് അലി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

ഗ്രേസ് ആന്‍റണി, ജഗദീഷ്‌, കോട്ടയം നസീര്‍, സഞ്ജു ശിവറാം, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്‌ദുല്‍ ആണ് റോഷാക്കിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Last Updated : Oct 10, 2022, 1:17 PM IST

ABOUT THE AUTHOR

...view details