സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫിനെ ബോഡി ഷെയിമിംഗ് നടത്തിയെന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി. ജൂഡ് ആന്‍റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകളില്‍ ഖേദമുണ്ടെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി. ഫേസ്‌ബുക്കിലൂടെയായിരുന്നു മമ്മൂട്ടിയുടെ ഖേദ പ്രകടനം.
'പ്രിയരെ കഴിഞ്ഞ ദിവസം '2018' എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സംവിധായകൻ 'ജൂഡ് ആന്‍റണി'യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പുതരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി.'-മമ്മൂട്ടി കുറിച്ചു.
മമ്മൂട്ടി പങ്കുവച്ച കുറിപ്പിന് താഴെ കമന്‍റുമായി ജൂഡ് ആന്‍റണിയും രംഗത്തെത്തി. 'എനിക്കാ വാക്കുകള്‍ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക. എന്‍റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു' - ജൂഡ് കുറിച്ചു.