Christopher first look: മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്‌ണന്‍ ഒരുക്കുന്ന സിനിമയുടെ ടൈറ്റിലും ഫസ്‌റ്റ്‌ലുക്കും പുറത്ത്. 'ക്രിസ്‌റ്റഫര്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 'ബയോഗഫ്രി ഓഫ് എ വിജിലന്‍റ് കോപ്പ്' എന്ന ടാഗ്‌ലൈനോടു കൂടിയാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങിയത്. കയ്യില്‍ തോക്കുമേന്തി പുറം തിരിഞ്ഞു നില്‍ക്കുന്ന മമ്മൂട്ടിയുടെ ലുക്കാണ് പുറത്തിറങ്ങിയത്.
Mammootty as cop in Christopher: സിനിമയില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാകും മമ്മൂട്ടി പ്രത്യക്ഷപ്പെടുക. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്‌മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുക. സിദ്ദിഖ്, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, ജിനു എബ്രഹാം തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.
Vinay Rai as villain in Christopher: തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ് സിനിമയില്‍ പ്രതിനായകന്‍റെ വേഷത്തിലെത്തുക. വിനയ് റായുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശിവകാര്‍ത്തികേയന്‍ ചിത്രം 'ഡോക്‌ടറി'ലും വിനയ് വില്ലന്‍ വേഷത്തിലെത്തിയിരുന്നു.
മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും സിനിമയുടെ ഭാഗമാകും. എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം. ആര്‍.ഡി ഇലുമിനേഷന്‍സ് ആണ് നിര്‍മാണം. ഉദയകൃഷ്‌ണയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്.
ഫൈസ് സിദ്ധിഖ് ആണ് ഛായാഗ്രഹണം. 'ഓപ്പറേഷന്‍ ജാവ'യുടെ ഛായാഗ്രാഹകനാണ് ഫൈസ് സിദ്ധിഖ്. മനോജ് എഡിറ്റിംഗും നിര്‍വഹിക്കും. ജസ്‌റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം. ഷാജി നടുവില്‍ കലാ സംവിധാനവും പ്രവീണ്‍ വര്‍മ വസ്‌ത്രാലങ്കാരവും ജിതേഷ് പൊയ്യ ചമയവും കൈകാര്യം ചെയ്യും. അരോമ മോഹന്‍ ആണ് നിര്‍മാണ നിര്‍വഹണം.
Mammootty B Unnikrishnan combo: 12 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും ബി.ഉണ്ണികൃഷ്‌ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ക്രിസ്‌റ്റഫറി'നുണ്ട്. 2010ല്‍ പുറത്തിറങ്ങിയ 'പ്രമാണി'യിലാണ് ഏറ്റവും ഒടുവിലായി ഇരുവരും ഒന്നിച്ചെത്തിയത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ 'ആറാട്ടി'ന് ശേഷം ബി.ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ക്രിസ്‌റ്റഫര്‍'.
Mammootty upcoming movies: മമ്മൂട്ടിയുടേതായി ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചതും അണിയറയില്‍ ഒരുങ്ങുന്നതുമായി നിരവധി ചിത്രങ്ങളാണുള്ളത്. ഷൂട്ടിംഗ് പൂര്‍ത്തീകരിച്ച മമ്മൂട്ടി ചിത്രങ്ങളിലൊന്നാണ് 'റോഷാക്ക്'. ത്രില്ലര്‍ വിഭാഗത്തിലായി ഒരുങ്ങുന്ന സിനിമ പേരിലെ വ്യത്യസ്‌തത കൊണ്ട് ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുടെ നിര്‍മാണ സംരംഭമായ മമ്മൂട്ടി കമ്പനിയാണ് സിനിമയുടെ നിര്‍മാണം. 'കെട്ട്യോളാണ് എന്‍റെ മാലാഖ' എന്ന സിനിമയ്‌ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‌ത ചിത്രം കൂടിയാണ് 'റോഷാക്ക്'. 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍', 'ഇബ്‌ലീസ്' തുടങ്ങി ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സമീര്‍ അബ്‌ദുള്‍ ആണ് 'റോഷാക്കി'ന് വേണ്ടിയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആസിഫ് അലി അതിഥി വേഷത്തിലെത്തുന്ന ചിത്രത്തില്‍ ജഗദീഷ്, ഷറഫുദ്ദീന്‍, ഗ്രേസ് ആന്‍റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, ബാബു അന്നൂര്‍, കോട്ടയം നസീര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും വേഷമിടുന്നു. നിമിഷ് രവി ഛായാഗ്രഹണവും മിഥുന്‍ മുകുന്ദന്‍ സംഗീതവും നിര്‍വഹിക്കും. റോണക്‌സ് സേവ്യര്‍ ആണ് ചമയം.
Mammootty latest movies: ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' ആണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയുടെ മറ്റൊരു പുതിയ ചിത്രം. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധ നേടിയ ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. പഴനിയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഈ സിനിമയും മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ തന്നെയാണ് നിര്‍മാണം. ചിത്രം ഓണം റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുമെന്നാണ് സൂചന. അതേസമയം 'ഭീഷ്‌മ പര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് ഒരുക്കുന്ന 'ബിലാലി'ന്‍റെ ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടില്ല.
Also Read:'ഫാന്‍ ബോയി എന്ന നിലയില്‍ ആഗ്രഹമുണ്ട്, ആ സിനിമയില്‍ ഇടിച്ചു കയറാന്‍ നോക്കും, പക്ഷേ വാപ്പച്ചി സമ്മതിക്കണം'