നന്ദമുരി കല്യാൺ റാം (Nandamuri Kalyanram) നായകനാകുന്ന സ്‌പൈ ത്രില്ലർ ചിത്രം 'ഡെവിൾ' റിലീസിനൊരുങ്ങുന്നു. ചിത്രം നവംബർ 24ന് തിയേറ്ററുകളിലെത്തും (Devil Hits Theaters on November 24). കരിയറിന്‍റെ തുടക്കകാലം മുതൽക്കുതന്നെ സ്‌ക്രിപ്റ്റ് സെലക്ഷനിൽ അതീവ ജാഗ്രത പുലർത്തുന്ന നടനാണ് നന്ദമുരി കല്യാൺ റാം. അതുകൊണ്ടുതന്നെ താരത്തിന്‍റെ പുതിയ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകർ.
'ഡബിൾ - ദി ബ്രിട്ടീഷ് സീക്രട്ട് ഏജന്‍റ് ' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം അഭിഷേക് നാമ (Abhishek Nama) ആണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ക്യാരക്‌ടർ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാളവിക നായരുടെ ക്യാരക്‌ടർ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
'മണിമേഖല' എന്നാണ് മാളവിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. രാഷ്‌ട്രീയക്കാരിയുടെ വേഷത്തിലാകും താരം പ്രത്യക്ഷപ്പെടുക എന്ന സൂചന നൽകുന്നതാണ് പോസ്റ്റർ (Malvika Nair Devil Movie Character Poster). ഏതായാലും മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിക്കുന്നത്.
ചിത്രത്തിൽ സംയുക്തയാണ് നായികയായി എത്തുന്നത്. 'ഡെവിളി'ൽ 'നൈഷാദ' എന്ന കഥാപാത്രമായാണ് സംയുക്ത എത്തുന്നത്. നേരത്തെ പുറത്തുവന്ന നൈഷാദയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. 'വിരുപാക്ഷ' എന്ന ബ്ലോക്ബസ്റ്റർ ഹിറ്റിന് ശേഷം എത്തുന്ന സംയുക്തയുടെ തെലുഗു ചിത്രം കൂടിയാണ് 'ഡെവിൾ'.