2023ന്‍റെ താളും മടക്കാൻ ഒരുങ്ങുകയാണ് മലയാള സിനിമ. സൂപ്പർ ഹിറ്റുകൾ കുറവെങ്കിലും മലയാള സിനിമ നേട്ടംകൊയ്‌ത വർഷം കൂടിയായിരുന്നു 2023. അന്താരാഷ്‌ട്ര തലങ്ങളിലടക്കം കയ്യടി നേടാൻ മലയാളത്തില്‍ പിറന്ന പല സിനിമകൾക്കും സാധിച്ചു. 2018, തടവ്, അദൃശ്യജാലകങ്ങൾ, ആട്ടം എന്നിവ അക്കൂട്ടത്തിൽപ്പെടും.
2023ൽ മലയാള സിനിമയെ ദേശീയ - അന്തർദേശീയ തലത്തിലേക്ക് ഉയർത്തിയ ചിത്രമായിരുന്നു 2018. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്‌ത ഈ ചിത്രം ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള വിദേശ ഭാഷാ ചിത്രങ്ങളുടെ മത്സര വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന സിനിമയായി 2018.
മലയാളത്തിലെ മിക്ക യുവതാരങ്ങളും ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു 2018. ചിത്രം അത്തരത്തില്‍ പരിഗണിക്കപ്പെട്ടത് കൂട്ടായ്‌മയുടെ വിജയമാണെന്നാണ് ജൂഡ് ആന്തണി ജോസഫ് ഇടിവി ഭാരതിനോട് പ്രതികരിച്ചത്. മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന കലക്ഷൻ നേടിയ ചിത്രവുമായി 2018.
പിന്നീടൊരു ബോക്‌സ് ഓഫിസ് തരംഗം സംഭവിക്കുന്നത് വീക്കെൻഡ് ബ്ലോക്ക് ബസ്റ്ററിന്‍റെ ബാനറിൽ സോഫിയ പോൾ നിർമിച്ച 'ആർഡിഎക്‌സി'ന്‍റെ വരവോടെ ആയിരുന്നു. ഷെയ്‌ന്‍ നിഗം, ആന്‍റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്‌തത് നഹാസ് ഹിദായത്താണ്. '2018' എന്ന സിനിമയ്‌ക്ക് ശേഷം ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിൽ ഒന്നുകൂടിയായി മാറി 'ആർഡിഎക്‌സ്'. സൗബിന്‍റെ രോമാഞ്ചവും ഈ വർഷം ബോക്‌സോഫിസിൽ തരംഗമായ ചിത്രമാണ്.
2023 മമ്മൂട്ടി അങ്ങെടുത്തു മക്കളേ:അക്ഷരാർഥത്തിൽ 2023 മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയുടെ വർഷമായിരുന്നു എന്ന് പറയാം. വൈവിധ്യമാർന്ന കഥാപാത്രങ്ങളുമായി മമ്മൂട്ടി തിരശീലയിൽ പ്രേക്ഷകരെ വിസ്‌മയിപ്പിച്ചു. 2022 ഡിസംബറിൽ മമ്മൂട്ടി ചിത്രം 'നൻപകൽ നേരത്ത് മയക്കം' ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചുവെങ്കിലും റിലീസിന് എത്തിയത് 2023 ജനുവരിയിൽ ആയിരുന്നു.
പിന്നാലെ 'കണ്ണൂർ സ്‌ക്വാഡ്', 'കാതൽ' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ മമ്മൂട്ടി സിനിമ കലണ്ടറിലെ 2023 എന്ന വർഷത്തെ തന്‍റെ പേരിലാക്കി. ഈ മൂന്ന് ചിത്രങ്ങളും നിർമ്മിച്ചത് അദ്ദേഹത്തിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനിയാണ് എന്നതും ശ്രദ്ധേയം.
'നേരി'ലൂടെ തിരിച്ചുവന്ന് മോഹൻലാൽ :മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് 'നേര്'. ഡിസംബർ 21ന് റിലീസ് ചെയ്‌ത 'നേര്' മോഹൻലാലിന്‍റെ തിരിച്ചുവരവിന് തന്നെയാണ് അക്ഷരാർഥത്തിൽ വഴിയൊരുക്കിയത്. ഈ വർഷം താരം നായകനായി റിലീസിന് എത്തിയ 'മോൺസ്റ്റർ', 'എലോൺ' തുടങ്ങിയ ചിത്രങ്ങൾ വലിയ വിമർശനം നേരിട്ടിരുന്നു. എന്നാൽ ഫെബ്രുവരിയിൽ റിലീസ് ചെയ്‌ത 'സ്‌ഫടികം' ഫോർകെ പ്രിന്‍റിന് ഒരു മുഖ്യധാര സിനിമയ്ക്ക് ലഭിക്കുന്ന വരവേൽപ്പ് തന്നെ ആയിരുന്നു ലഭിച്ചത്.
ഫഹദ് ഫാസിലിനെ നാകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്‌ത പാച്ചുവും അത്ഭുതവിളക്കും ഹിറ്റ് ചാർട്ടിൽ ഇടം നേടി. അഖിൽ സത്യൻ എന്ന ഡയറക്‌ടറിന്‍റെ ഭാവി പ്രതീക്ഷകൾക്കും ഈ സിനിമ വഴിയൊരുക്കി. ദിലീപ് - ഷാഫി കൂട്ടുകെട്ടിൽ എത്തിയ 'വോയ്‌സ് ഓഫ് സത്യനാഥൻ' ഒരിടവേളയ്‌ക്ക് ശേഷം ദിലീപിന്‍റെ വിജയചിത്രമായി. എന്നാൽ 'രാമലീല'യ്ക്കുശേഷം അരുൺ ഗോപിയുടെ സംവിധാനത്തിലെത്തിയ 'ബാന്ദ്ര'യ്‌ക്ക് തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്. തമന്ന മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു 'ബാന്ദ്ര'.