മലയാളി സിനിമാപ്രേമികൾക്ക് തീരാനഷ്‌ടങ്ങളുടെ വർഷം കൂടിയാണ് 2023. കാമറയ്‌ക്ക് മുന്നിലും പിന്നിലും നിന്ന് ആസ്വാദനത്തിന്‍റെ ആഴങ്ങളിലേക്ക് മലയാളികളെ എന്നല്ല, സിനിമാസ്വാദകരെയാകെ കൈപിടിച്ചു കൊണ്ടുപോയ നിരവധി കലാകാരന്മാരെയാണ് ഈ വർഷം നമുക്ക് നഷ്‌ടമായത്. മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നടന്മാരായ ഇന്നസെന്‍റ്, മാമുക്കോയ, സംവിധായകരായ കെജി ജോർജ്, സിദ്ദിഖ് തുടങ്ങിയവരും അക്കൂട്ടത്തിൽ പെടും.
അഭിനേത്രി സുബി സുരേഷ്, പൂജപ്പുര രവി, കലാഭവൻ ഹനീഫ്, കുണ്ടറ ജോണി, കൈലാസനാഥ്, കൊല്ലം സുധി, സുബ്ബലക്ഷ്‌മി, ഹരീഷ് പേങ്ങൻ, രഞ്ജുഷ മേനോൻ, അപർണ നായർ, വിനോദ് തോമസ്, കസാന്‍ ഖാന്‍, ലക്ഷ്‌മിക സജീവൻ അങ്ങനെ എത്രയോ മികച്ച കലാകാരന്മാർ 2023ന്‍റെ നഷ്‌ടങ്ങളാണ്.
എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ചുകൊണ്ട് കടന്നു പോയവർ, തിരശീലയിൽ അത്ഭുതങ്ങൾ വിരിയിച്ചവർ. മരണം തീർത്ത ശൂന്യത ബാക്കിയാവുമെങ്കിലും അവർ പകർന്നാടിയ വേഷങ്ങളിലൂടെ, സമ്മാനിച്ച സിനിമാകാഴ്‌ചകളിലൂടെ എക്കാലവും ജീവനിക്കുമെന്നതിൽ തർക്കമില്ല.
കെ ജി ജോർജ്(സെപ്റ്റംബർ 24, 2023)
എണ്‍പതുകളില്‍ മലയാള സിനിമയെ പഴയ വാർപ്പ് മാതൃകകളിൽ നിന്ന് ആശയാഖ്യാനങ്ങളുടെ പൊളിച്ചെഴുത്തിലൂടെ വഴിതിരിച്ചുവിട്ട ചലച്ചിത്ര പ്രതിഭ, കൂളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്ന കെ ജി ജോർജ് നമ്മെ വിട്ടുപിരിഞ്ഞത് ഈ വർഷമാണ്. പ്രമേയത്തിലോ ആവിഷ്‌കാരത്തിലോ ആവർത്തനമില്ലാതെ, കാലത്തിന് മുമ്പേ സഞ്ചരിച്ച് മലയാള സിനിമയ്‌ക്ക് പുതുഭാവുകത്വം നൽകാൻ അദ്ദേഹത്തിനായി. പരമ്പരാഗത നായിക - നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയും സമൂഹം പരിചരിച്ചുപോന്ന കപട സദാചാരബോധത്തോട് കലഹിച്ചുമാണ് അദ്ദേഹം മലയാള സിനിമയ്‌ക്ക് നവീന ഭാഷ്യവും കരുത്തും നൽകിയത്.
ഇന്നസെന്‍റ്(മാർച്ച് 26, 2023)
മലയാളി സിനിമാപ്രേമികൾക്ക് വാക്കുകൾക്കും അപ്പുറമാണ് ഇന്നച്ചൻ. അഭ്രപാളിയിലെ വേഷപകര്‍ച്ചകള്‍ കൊണ്ട് ഒരു തലമുറയുടെ ബാല്യകൗമാര കാലങ്ങളെ അത്രയേറെ രസിപ്പിച്ച, മനോഹരമാക്കിയ കലാകാരൻ. കിലുക്കത്തിലെ കിട്ടുണ്ണിയെയും, 'റാംജി റാവു സ്‌പീക്കിംഗി'ലെ മത്തായിയെയും 'ഗോഡ്‌ഫാദറി'ലെ സ്വാമിനാഥനെയും 'മിഥുന'ത്തിലെ ലൈൻമാൻ കെടി കുറുപ്പിനെയും 'വിയറ്റ്‌നം കോളനി'യിലെ കെകെ ജോസഫിനെയും എങ്ങനെ മറക്കും! ഇരവിക്കുട്ടൻ പിള്ള (ചന്ദ്രലേഖ), ഉണ്ണിത്താൻ (മണിച്ചിത്രത്താഴ്), ബാലഗോപാലൻ (നാടോടിക്കാറ്റ്), യശ്വന്ത് സഹായി (സന്ദേശം) ഇന്നസെന്‍റ് അനശ്വരമാക്കിയ കഥാപാത്രങ്ങൾ എത്രയെത്ര. നര്‍മത്തിന്‍റെ ഏറ്റവും നിഷ്‌കളങ്കമായ മുഖത്തിനാണ് ഈ വർഷം നാം വിട പറഞ്ഞത്.
മാമുക്കോയ(ഏപ്രിൽ 26, 2023)
തീര്‍ത്തും ജൈവികമായ വേഷപ്പകര്‍ച്ചകളിലൂടെ സിനിമാസ്വാദകരുടെ ഉള്ള് നിറച്ച അതുല്യ കലാകാരൻ. കോഴിക്കോടന്‍ നാട്ടുവഴക്ക പ്രയോഗങ്ങളെ കഥാപാത്രത്തോട് കൂട്ടിയിണക്കി മലയാളക്കരയെക്കൊണ്ടാകെ വിളിപ്പിച്ചിട്ടുണ്ട് മാമുക്കോയ. മലയാളികളുടെ പ്രിയപ്പെട്ട 'ഗഫൂര്‍ക്കാ ദോസ്‌ത്' കോമഡി മാത്രമല്ല തനിക്ക് സീരിയസ് റോളുകളും വഴങ്ങുമെന്ന് പലകുറി തെളിയിച്ചതാണ്. 'പെരുമഴക്കാലം' എന്ന സിനിമ മാത്രം മതി ആ മനുഷ്യന്‍റെ റേഞ്ച് എന്താണെന്ന് മനസിലാവാൻ.
സന്‍മനസുള്ളവര്‍ക്ക് സമാധാനം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, രാരീരം, ഉണ്ണികളെ ഒരു കഥ പറയാം, ഇരുപതാം നൂറ്റാണ്ട്, നാടോടിക്കാറ്റ്, അടിമകള്‍ ഉടമകള്‍, പട്ടണപ്രവേശം, പൊന്‍മുട്ടയിടുന്ന താറാവ്, വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, റാംജി റാവു സ്‌പീക്കിംഗ്, വരവേല്‍പ്പ്, ചെറിയ ലോകവും വലിയ മനുഷ്യരും, ഹിസ് ഹൈനസ് അബ്‌ദുള്ള, ആകാശ കോട്ടയിലെ സുല്‍ത്താന്‍, സന്ദേശം, കണ്‍കെട്ട്, ആയുഷ്‌കാലം, ഘോഷയാത്ര, ചിന്താവിഷ്‌ടയായ ശ്യാമള, മേഘം, ജോക്കര്‍, പട്ടാളം, ഉസ്‌താദ് ഹോട്ടല്‍, പുത്തന്‍ പണം, കുരുതി, തീര്‍പ്പ്, തുടങ്ങി എത്രയോ സിനിമകളിലൂടെ അദ്ദേഹം നമ്മെ രസിപ്പിച്ചു.
സിദ്ദിഖ്( ഓഗസ്റ്റ് 8, 2023)
ഹാസ്യത്തിന്‍റെ ദി കിങ്, സിദ്ദിഖ് യുഗത്തിന് അവസാനമായതും ഈ വർഷമാണ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും, പ്രേക്ഷകർക്ക് ഒരുകാലത്തും മറക്കാൻ കഴിയാത്ത സിനിമാനുഭവങ്ങളാണ് സിദ്ദിഖ് സമ്മാനിച്ചത്. തിരശീലയ്‌ക്ക് മുന്നില്‍ സിദ്ദിഖ് ഒരുക്കിയ മായിക ലോകത്തില്‍ ഓരോ കാഴ്‌ചക്കാരനും സ്വയം മറന്ന് സഞ്ചരിച്ചു.
തിയേറ്ററുകളില്‍ പൊട്ടിച്ചിരിയുടെ പെയ്‌ത്തായിരുന്നു സിദ്ദിഖിന്‍റെ ഓരോ ചിത്രങ്ങളും. തിരക്കഥാകൃത്ത്, നിർമാതാവ്, അഭിനേതാവ്, മിമിക്രി കലാകാരൻ എന്നിങ്ങനെ വിശേഷണങ്ങൾ അനേകമാണ് അദ്ദേഹത്തിന്. മിമിക്രിയിലൂടെ തുടങ്ങി ചലച്ചിത്രലോകത്ത് തങ്കലിപികളാൽ തന്‍റെ പേര് കൊത്തിവയ്‌ക്കാൻ സിദ്ദിഖിനായി. കൊച്ചിൻ കലാഭവനില്‍ പയറ്റിത്തെളിഞ്ഞ കലാകാരൻ, ചിരിയുടെ ലോകചരിത്രത്തിൽ കൊച്ചിൻ കലാഭവനെ അടയാളപ്പെടുത്തിയതിലും വലിയ പങ്കാണ് വഹിച്ചത്.
ആരാധകരിൽ കണ്ണീർ പടർത്തിയ വേർപാടുകൾ....
പൂജപ്പുര രവി (ജൂൺ 18, 2023), കലാഭവൻ ഹനീഫ് (നവംബർ 9, 2023), കുണ്ടറ ജോണി (ഒക്‌ടോബർ 17, 2023), കൈലാസനാഥ് (ഓഗസ്റ്റ് 3, 2023), സുബി സുരേഷ്, കൊല്ലം സുധി, സുബ്ബലക്ഷ്‌മി, ഹരീഷ് പേങ്ങൻ (മേയ് 30, 2023), രഞ്ജുഷ മേനോൻ, അപർണ നായർ, വിനോദ് തോമസ്, കസാന്‍ ഖാന്‍ (ജൂൺ 12, 2023), ലക്ഷ്‌മിക സജീവൻ എന്നിങ്ങനെ എത്രയോ കലാകാരന്മാരെ ഈ വർഷം നമുക്ക് നഷ്‌ടമായി. വിടുരുമുമ്പ് കൊഴിഞ്ഞുപോയ താരകങ്ങളും അനേകം.
പുരുഷന്മാർ അടക്കിവാണ കോമഡി രംഗത്ത് തനതായ ശൈലിയിലൂടെ സ്വന്തമായൊരു ഇടമുറപ്പിച്ച നടി സുബി സുരേഷ് കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ 2023 ഫെബ്രുവരി 22നാണ് ലോകത്തോട് വിട പറഞ്ഞത്. ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ഹരീഷ് പേങ്ങന്‍ ചികിത്സയിലിരിക്കെ 2023 മേയ് 30നാണ് അന്തരിച്ചത്.
മലയാളം ടെലിവിഷൻ, സിനിമ താരം കൊല്ലം സുധിയെ വാഹനാപകടത്തിലാണ് നമുക്ക് നഷ്‌ടമായത്. തൃശൂർ കൈപ്പമംഗലത്ത് വച്ച് 2023 ജൂൺ 5ന് സഹപ്രവർത്തകർക്കൊപ്പം സഞ്ചരിച്ച കാർ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടമാണ് സുധിയുടെ മരണത്തിന് വഴിവച്ചത്. ചെറിയ റോളുകളിലൂടെ ശ്രദ്ധേയനായ വിനോദ് തോമസിന്‍റെ വിയോഗവും അപ്രതീക്ഷിതമായിരുന്നു. നവംബർ 18ന് ഇദ്ദേഹത്തെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
രഞ്ജുഷ മേനോൻ, അപർണ നായർ എന്നിവരുടെ അപ്രതീക്ഷിത വിയോഗവും ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. മലയാളത്തിന്‍റെ മുത്തശി സുബ്ബലക്ഷ്‌മിയും 2023ന്‍റെ നഷ്‌ടമാണ്.